ജിദ്ദ: കോവിഡിനെ തുടർന്നുള്ള രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹറം മുറ്റങ്ങളിൽ വീണ്ടും ഇഫ്താർ സുപ്രകൾ തിരിച്ചെത്തി. റമദാനിന്റെ ആദ്യദിവസയായ ശനിയാഴ്ച ഇരുഹറമുകളിലൊരുക്കിയ ഇഫ്താർ സുപ്രകളിലെ വിഭവങ്ങൾ കഴിച്ച് പതിനായിരങ്ങളാണ് നോമ്പ് തുറന്നത്. കോവിഡിനെ തുടർന്ന് ഇരുഹറമിലേക്ക് പ്രവേശനത്തിനു നിയന്ത്രണമേർപ്പെടുത്തിയതോടൊപ്പം ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വർഷമായി റമദാനിൽ ഇരുഹറമുകളിൽ ഇഫ്താർ സുപ്രകളുണ്ടായിരുന്നില്ല.
നിയന്ത്രണങ്ങൾ നീക്കിയതോടൊയാണ് വർഷങ്ങളായി തുടർന്നുപോന്നിരുന്ന ഇഫ്താർ സുപ്രകൾ ഹറം മുറ്റങ്ങളിൽ തിരിച്ചെത്തിയത്. കർശനമായ വ്യവസ്ഥകളാണ് ഇഫ്താർ സേവനം നൽകുന്നവർക്ക് ഇരുഹറം കാര്യാലയം നിശ്ചയിച്ചത്. നിരവധി കുടുംബങ്ങളും സ്ഥാപനങ്ങളുമാണ് ഒരോ വർഷവും റമദാനിൽ ഹറമിലെത്തുന്നവർക്ക് ഇഫ്താർ നൽകാൻ ധൃതികൂട്ടാറുള്ളത്.
മക്ക ഹറമിൽ ആദ്യദിവസം ഇഫ്താർ വേളയിൽ 20 ടൺ ഈത്തപ്പഴം വിതരണം ചെയ്തതായാണ് കണക്ക്. 2,000 അനുമതി പത്രങ്ങൾ ഇഫ്താർ ഒരുക്കാൻ ഇതിനകം നൽകിയിട്ടുണ്ട്. ഹറം മുറ്റങ്ങളിൽ കിലോമീറ്റർ നീണ്ടു കിടക്കുന്ന ഇഫ്താർ സുപ്രകൾക്കിരുവശവും വിവിധ ദേശക്കാളും ഭാഷക്കാരും വർണക്കാരുമായ നോമ്പുകാർ തോളോട് ചേർന്നിരുന്നു നോമ്പ് തുറക്കുന്ന കാഴ്ച സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും മികച്ച പ്രകടനം കൂടിയാണ്.
റെക്കോർഡ് വേഗത്തിലാണ് ഹറമിനകത്തും പുറത്തെ മുറ്റങ്ങളിലും ഇഫ്താർ വിഭവങ്ങളായ ഈത്തപ്പഴവും സംസവുമൊക്കെ വിതരണം ചെയ്യുന്നത്. ഹറം കാര്യാലയത്തിനു കീഴിലെ ജോലിക്കാർക്ക് പുറമെ നൂറുക്കണക്കിന് സന്നദ്ധ പ്രവർത്തകരും ഇഫ്താർ വിതരണത്തിന് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.