റിയാദ്: 2023 അറബിക് കവിതകളുടെ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രാചീന അറേബ്യൻ കവി ഇംറുൽ ഖൈസിെൻറ ഓർമയിൽ കാവ്യോത്സവം സംഘടിപ്പിച്ച് സൗദി സാംസ്കാരിക മന്ത്രാലയം. മനുഷ്യനും ജീവിതവും പ്രണയവും പ്രകൃതിയുമെല്ലാം കോർത്തിണക്കി കവിതകെട്ടി പാടിയ ആറാം നൂറ്റാണ്ടിലെ അറബ് കവി ഇംറുൽ ഖൈസിെൻറ ഓർമകൾ പുതുക്കി റിയാദിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഫെസ്റ്റിവലിന് ഇന്ന് രാത്രിയോടെ സമാപനമാകും.
നഗരത്തിെൻറ വടക്കുഭാഗത്തെ ദറഇയ്യയിൽ ഒരുങ്ങിയ മേളനഗരിയിലാണ് ഖൈസിെൻറ കാവ്യങ്ങളെ ഇതിവൃത്തമാക്കി നാടകങ്ങളും ചർച്ചകളും സംഗീത പരിപാടികളും അരങ്ങേറുന്നത്. ഒക്ടോബർ നാലിനാണ് ഉത്സവം ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി അവസാനിക്കും. വൈകീട്ട് ആറ് മുതൽ രാത്രി 12 വരെയാണ് പ്രവേശനം.
ഇംറുൽ ഖൈസിെൻറ വരികൾ അറബികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സഹൃദയെര സ്വാധീനിച്ചിട്ടുണ്ട്. 21ാം നൂറ്റാണ്ടിലെഴുതുന്ന പ്രണയക്കുറിപ്പിലും ഖൈസിെൻറ കാവ്യശകലങ്ങൾ ഇടം പിടിക്കാറുണ്ടെന്നത് ആ സ്വാധീനത്തിെൻറ ആഴം വെളിപ്പെടുത്തുന്നതാണ്. ഭാഷയുടെ മനോഹാരിതയും കാവ്യത്തിെൻറ ആന്തരിക തേജസും പരിലസിക്കുന്ന ഖൈസിെൻറ വരികൾ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുരാവിഷ്ക്കരിക്കുമ്പോൾ ആസ്വാദകർ സ്വീകരിക്കുന്നത് നിറഞ്ഞ കൈയടിയോടെയാണ്.
കവിയുടെ ജീവിതകഥയുടെ ചുരുളഴിയുന്ന കാവ്യനാടകമാണ് ഉത്സവനഗരിയിലെ പ്രധാന പരിപാടി. ഭാഷയറിയാത്തവരെ പോലും കീഴ്‌പ്പെടുത്തുന്ന മാന്ത്രികതയിലാണ് കുതിരപ്പുറത്തെത്തുന്ന ഇംറുൽ ഖൈസിന് ജീവൻ നൽകിയ അഭിനേതാവിെൻറ പ്രകടനം. ഹൃദയങ്ങളിലേക്ക് നേരിട്ട് സംവേദനം ചെയ്യുന്ന വരികൾക്കൊപ്പം അഭിനയിക്കുന്ന കലാകാരന്മാരെ പ്രേക്ഷകർ കൈയടിച്ചും സംഭാഷണങ്ങൾ ഏറ്റുപറഞ്ഞും കൂടെ പാടിയും പ്രോത്സാഹിപ്പിക്കുന്നു. വിഷാദവും പ്രണയവും സ്വപ്നങ്ങളും പകർന്നാടി കഥകളെ വെല്ലുന്ന ജീവിതം സ്വന്തമായുള്ള ഇംറുൽ ഖൈസ് തങ്ങളുടെ ആരാധന പുരുഷനാണെന്ന് നാടക സദസ്സ് വിളിച്ചുപറയുന്നുണ്ടായിരുന്നു.
കവിതയെ കുറിച്ചുള്ള ചർച്ചകൾക്ക് സംഗീതത്തിെൻറയും ഇരുണ്ട വെളിച്ചത്തിെൻറയും അകമ്പടിയോടെ പ്രത്യേക വേദി തന്നെ നിർമിച്ചിട്ടുണ്ട്. ഖൈസിെൻറ കാവ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും സംവാദങ്ങളുമാണ് ഈ വേദിയിൽ നടക്കുന്നത്. ഒരു ദേശത്തിെൻറ സംസ്കാരം ആഴത്തിൽ അറിയാനുള്ള ഏറ്റവും മികച്ച മാർഗം കവിതയാണെന്ന് ചർച്ചയിൽ പങ്കെടുത്തവരിൽ ചിലർ അവകാശപ്പെട്ടു.
അഞ്ചാം നൂറ്റാണ്ടിൽ ഖൈസിെൻറ കവിതകൾക്ക് ചെവി കൂർപ്പിച്ച സായാഹ്നങ്ങളുണ്ടായിരുന്നെന്നും മനുഷ്യനെ ആകർഷിച്ച ഭാഷയാണ് ഖൈസിെൻറ പ്രത്യേകതയെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പ്രണയത്തിെൻറയും പട്ടിണിയുടെയും വലിയ രാഷ്ട്രീയ കാര്യങ്ങൾ ചെറിയ വരികളിൽ പറഞ്ഞാണ് ഖൈസ് ശ്രദ്ധനേടിയത്. സ്ഥൂലവും സൂക്ഷ്മവുമായ വിഷയങ്ങളിൽ ഖൈസ് പാടിപ്പറഞ്ഞതിെൻറ ഈരടികൾ ഇന്നും മുഴങ്ങുന്നുണ്ട് അറബ് ഹൃദയങ്ങളിൽ. പൂർണമായും സംഗീതാത്മകമായ അന്തരീക്ഷത്തിൽ ഒരുക്കിയ ഉത്സവനഗരിക്ക് മിഴിവേകാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കലാകാരന്മാർ എത്തിയിട്ടുണ്ട്. മേളയുടെ വിവിധ വേദികളിലും മൂലകളിലും ഇരുന്ന് ഊദ്, ഖാനൂൻ തുടങ്ങിയ അറേബ്യൻ വാദ്യോപകരണങ്ങൾ മീട്ടുന്ന കലാകാരന്മാർ അന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കുന്നു.
ഇംറുൽ ഖൈസിെൻറ ചിത്രങ്ങൾ ചുമരിലും കാൻവാസിലും വരച്ച് സന്ദർശകരെ ആകർഷിക്കുന്ന ചിത്രകാരന്മാരും നഗരിയിലുണ്ട്. സൗദി അറേബ്യയുടെ പൗരാണിക നഗരമായ വാദി ദവാസർ ഉൾപ്പടെയുള്ള പ്രദേശങ്ങളുടെ പഴമ വിർച്വൽ റിയാലിറ്റി കാമറകൾ വഴി പ്രദർശിപ്പിക്കുന്നുണ്ട്. പ്രണയാർദ്രമായ വേദിയിലിരുന്ന് മെഴുകുതിരി വെളിച്ചത്തിലെ വിരുന്ന് ആസ്വദിക്കാനുള്ള അവസരങ്ങൾ ഒരുക്കിയാണ് രാജ്യത്തെ മുൻനിര റസ്റ്ററൻറുകൾ ശ്രദ്ധയാകർഷിക്കുന്നത്. സാംസ്കാരിക വ്യക്തിത്വങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ, ചരിത്ര വിദ്യാർഥികൾ, എഴുത്തുകാർ തുടങ്ങി സമൂഹത്തിെൻറ വിവിധ മേഖലയിലുള്ള ചരിത്ര കലാപ്രേമികൾ മേളയിലേക്ക് എത്തുന്നുണ്ട്. ഈയാഴ്ച സൗദിയിലേക്കെത്തിയ വിദേശ വിനോദസഞ്ചാരികളിൽ പലരും ഈ ഫെസ്റ്റിവൽ സന്ദർശിക്കാനുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.