ജിദ്ദ: നീണ്ട ഇടവേളക്കുശേഷം ഹറമിലെത്തി ഉംറ നിർവഹിക്കാനും കഅ്ബക്കുമുന്നിൽ പ്രാർഥനാനിരതമാകാനും കഴിഞ്ഞ ആത്മനിർവൃതിയിലാണ് ഉംറ തീർഥാടകർ. ഉംറ പുനനാരംഭിച്ച ആദ്യഘട്ടത്തിൽതന്നെ അവസരം ലഭിച്ചതിലുള്ള സന്തോഷം ആദ്യമെത്തിയ തീർഥാടകരിൽ പലരും പ്രകടിപ്പിക്കുകയുണ്ടായി. മൂന്നുമണിക്കൂറാണ് ഒരു തീർഥാടകന് ഉംറക്കായി ഹജ്ജ് മന്ത്രാലയം അനുവദിച്ചത്.ത്വവാഫ്, സഅ്യ് എന്നിവ കഴിഞ്ഞശേഷം കഅ്ബക്കുമുന്നിൽ പ്രാർഥനയിൽ മുഴുകിയും ഉംറ ചെയ്യാനുള്ള അഭിലാഷം പൂർത്തിയായതിൽ അല്ലാഹുവിനെ സ്തുതിച്ചുമാണ് തീർഥാടകർ ഹറമിൽ നിന്ന് വിടവാങ്ങിയത്.
യുവാക്കളും യുവതികളും പ്രായം കൂടിയവരും കുട്ടികളുമെല്ലാം ആദ്യമെത്തിയ സംഘത്തിലുണ്ട്. പലരും നാളുകളായി ഉംറ ചെയ്യാൻ ആഗ്രഹിച്ചവരാണ്. ഉംറ ബുക്കിങ്ങിനായി ഹജ്ജ്-ഉംറ മന്ത്രാലയം ഒരുക്കിയ 'ഇഅ്തമർനാ' ആപ് ഏറെ സൗകര്യപ്രദമാണെന്ന് തീർഥാടകരിൽ പലരും അഭിപ്രായപ്പെട്ടു. ഹറമിലൊരുക്കിയ സൗകര്യങ്ങളിലും സേവനങ്ങളിലും സംതൃപ്തി രേഖപ്പെടുത്തി. ഉംറ ഘട്ടംഘട്ടമായി ആരംഭിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഹറമിൽ തീർഥാടകർക്കായി ഇരുഹറം കാര്യാലയം ഒരുക്കിയത്. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചു കൊണ്ടാണ് ഹറമിലേക്കുള്ള വരവും മടക്കവും ഉംറ കർമവുെമല്ലാം നടന്നത്. ഹജ്ജ് ഉംറ മന്ത്രാലയം, റെഡ്ക്രസൻറ്, ആരോഗ്യം, സുരക്ഷ തുടങ്ങിയ വകുപ്പുകളും തീർഥാടകരുടെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ഹറമിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. മാസ്കുകളും സ്റ്റെറിലൈസറുകളും ലഭ്യമാക്കി. സംസം ബോട്ടിലുകളിലാക്കി വിതരണം ചെയ്തു.
ഇതിനായി പ്രത്യേകം ആളുകളെ നിയോഗിച്ചു. തീർഥാടക സംഘത്തിനൊപ്പം ആരോഗ്യ വിദഗ്ധരും സൂപ്പർവൈസർമാരും അനുഗമിക്കുന്നു. ത്വവാഫിനായി നിശ്ചിത പാത ഒരുക്കി. പോക്കുവരവുകൾക്ക് പ്രത്യേക കവാടങ്ങൾ നിശ്ചയിച്ചു. ബസുകളിലും സമൂഹ അകലം പാലിക്കുന്നതടക്കമുള്ള കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചിരുന്നു. 20 ആളുകളിൽ കൂടുതൽ ഒരു ബസിൽ യാത്രക്ക് അനുവദിച്ചിരുന്നില്ല. 'ഇഅ്തമർനാ' ആപ്പിൽ രജിസ്റ്റർ ചെയ്തവരാണെന്നും ആരോഗ്യമുൻകരുതൽ പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തിയാണ് ബസുകളിൽ കയറ്റിയത്. തീർഥാടകരെ സ്വീകരിക്കാൻ സാധ്യമായ എല്ലാ ഒരുക്കങ്ങളും മുൻകരുതലും പൂർത്തിയാക്കിയിരുന്നതായി ഇരുഹറം കാര്യാലയ വക്താവ് ഹാനി ബിൻ ഹുസ്നി പറഞ്ഞു. ഹറമിലേക്കുള്ള പോക്കുവരവുകൾ വ്യവസ് ഥാപിതമാക്കുക, ആരോഗ്യ മുൻകരുതൽ പാലിക്കുക, മത്വാഫിൽ നിശ്ചിത പാതയിലൂടെ സഞ്ചരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ ഉറപ്പുവരുത്താനും തിക്കുംതിരക്കും കൂടിയിരുത്തവും ഒഴിവാക്കാനും ആയിരത്തിലധികം ജോലിക്കാരെ നിയോഗിച്ചിരുന്നു.
ഒാരോ സംഘവും ഉംറ നിർവഹിച്ചാലുടൻ മത്വാഫും മസ്അയും അണുമുക്തമാക്കുന്നുണ്ട്. ദിവസവും 10 തവണ ഹറമിൽ ശുചീകരണ ജോലികൾ നടക്കുന്നുണ്ട്. ഇതിനായി 4000ത്തിലധികം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ 450 പേർ നിലം അണുമുക്തമാക്കുന്നതിൽ പരിശീലനം നേടിയ തൊഴിലാളികളാണ്. ആരോഗ്യ മുൻകരുതൽ പാലിച്ച് ശീതീകരിച്ച 26,000 ബോട്ടിൽ സംസം വിതരണം ചെയ്യുന്നതായും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.