ജിദ്ദ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലൂടെ വീണ്ടും ബി.ജെ.പിയും സഖ്യകക്ഷികളും ഇന്ത്യയിൽ അധികാരത്തിൽ വരാതിരിക്കണമെങ്കിൽ മുഴുവൻ മതേതര പാർട്ടികളുടെയും സഖ്യം അനിവാര്യമാണെന്ന് തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം പ്രസിഡൻറും നിയമസഭ അംഗവുമായ പ്രഫ. എം.എച്ച്. ജവാഹിറുല്ല എം.എൽ.എ പറഞ്ഞു.
ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇത്തരമൊരു കൂട്ടായ്മക്ക് ഏറ്റവും വലിയ മാതൃകയാണ് തമിഴ്നാട്ടിലുള്ളത്. കോൺഗ്രസും മുസ്ലിം ലീഗും ഇടതുപാർട്ടികളും തമിഴ്നാട്ടിൽ ശക്തിയുള്ള തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം പോലുള്ള മുഴുവൻ മതേതര പാർട്ടികളും ഡി.എം.കെ സഖ്യത്തിൽ ഒരുമിച്ചാണ് തെരഞ്ഞെടുപ്പുകളെ നേരിടുന്നത്.
അതുകൊണ്ടുതന്നെ പരമാവധി ശ്രമിച്ചിട്ടും തമിഴ്നാട്ടിൽ ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഫാഷിസ്റ്റുകൾ അധികാരത്തിൽ വരുന്നത് തടയാൻ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽനിന്നുള്ള ഹാജിമാരുടെ വിഷയങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസലുമായി ചർച്ചചെയ്തതായി അദ്ദേഹം അറിയിച്ചു. മക്കയിലും മദീനയിലും ഹാജിമാർക്ക് ആവശ്യമായ നിർദേശങ്ങളും സൂചനബോർഡുകളും തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണം, സൗദിയിൽനിന്ന് തമിഴ്നാട്ടിലേക്ക് നേരിട്ട് വിമാനസർവിസുകൾ ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു.
കോൺസുലേറ്റിനു കീഴിൽ നടക്കുന്ന ഓപൺ ഹൗസിനെയും നിലവിൽ എളുപ്പത്തിൽ ലഭിക്കുന്ന ഓൺലൈൻ സേവനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. തമിഴ്നാട്ടിൽനിന്ന് ഏകദേശം 3000 മുതൽ 5000 വരെ തീർഥാടകരാണ് വർഷംതോറും ഹജ്ജിന് പുറപ്പെടുന്നത്. സർക്കാറിന്റെ ശ്രമഫലമായി ഇത്തവണ ചെന്നൈ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറാക്കിയത് തമിഴ്നാട്ടിലെ ഹാജിമാർക്ക് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം കൊച്ചി വഴിയായിരുന്നു തമിഴ്നാട്ടിൽനിന്നുള്ള ഹാജിമാർ യാത്രചെയ്തിരുന്നത്. കേരള ഹജ്ജ് കമ്മിറ്റി തമിഴ്നാട് ഹാജിമാർക്ക് കൊച്ചി വിമാനത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ചെയ്തിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
ജിദ്ദ തമിഴ് സംഘം പ്രവർത്തകൻ എൻജി. ഖാജാ മുഹ്യിദ്ദീൻ, ഇന്ത്യൻ വെൽഫെയർ ഫോറം പ്രവർത്തകരായ അബ്ദുൽ മജീദ്, കീലൈ ഇർഫാൻ, അഹമ്മദ് ബഷീർ, അബ്ദുൽ നാസർ, മുഹമ്മദ് റിൽവാൻ, നെല്ലിക്കുപ്പം അഷ്റഫ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.