ഷാർജ/അബൂദബി: കോവിഡ് വ്യാപനം കൂടിയതോടെ അബൂദബിയിലും ഷാർജയിലും ഒത്തുചേരലുകളും പാർട്ടികളും സംഘടിപ്പിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. ഷാർജയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികളോ വിവാഹമോ സമ്മേളനങ്ങളോ സംഘടിപ്പിക്കരുതെന്ന് ഷാർജ പ്രാന്തപ്രദേശ, ഗ്രാമകാര്യ വകുപ്പ് (ഡി.എസ്.വി.എ) അറിയിച്ചു.
ആളുകൾക്കിടയിൽ കുറഞ്ഞത് നാലുമീറ്റർ അകലം പാലിക്കണം. പരിപാടി ആരംഭിക്കുന്നതിന് മുമ്പായി മുൻകരുതൽ നടപടികളെക്കുറിച്ച് അതിഥികളെ അറിയിക്കുകയും വേദിയിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.
അതിഥികൾ ഹസ്തദാനവും ആേശ്ലഷവും ഒഴിവാക്കണം. മാസ്ക്കുകൾ സ്ഥിരമായി ധരിക്കണം. ഓരോ മേശയിലും നാലുപേർക്ക് ഇരിക്കാം. സാനിറ്റൈസർ എല്ലായ്പോഴും കരുതണം. കോവിഡ് പടരാതിരിക്കാൻ അധികാരികൾ എമിറേറ്റിലുടനീളം ശക്തമായ ബോധവത്കരണ കാമ്പയിൻ നടത്തിവരുകയാണ്. മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നതിനായി അധികൃതർ ഗ്രാമപ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു വരുകയാണ്.
അബൂദബിയിൽ വിവാഹം, കുടുംബ സംഗമം എന്നിവയിൽ 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. മരണ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. ഹോട്ടലുകൾ, ജിംനേഷ്യം, റസ്റ്റാറൻറ്, ബീച്ച്, ടാക്സി, ബസ് എന്നിവയുടെ പ്രവർത്തനശേഷിയും പരിഷ്കരിച്ചു. മുൻകരുതൽ നടപടി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രവർത്തനങ്ങളും കർശനമായി പരിശോധിക്കും. നിരീക്ഷണവും ശക്തമാക്കും. എല്ലാ നിയമലംഘകരെക്കുറിച്ചും അറ്റോണി ജനറലിന് റിപ്പോർട്ട് ചെയ്യാനും അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.