ദുബൈ: എമിറേറ്റിലെ മൂന്നു പ്രധാന നഗരങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഉമ്മു സുഖൈം, അബു ഹൈൽ, അൽ ബറഹ എന്നീ സ്ട്രീറ്റുകളിലായി 1010 എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്.
2026ഓടെ എമിറേറ്റിലുടനീളമുള്ള 40 പ്രദേശങ്ങളിലെ റോഡുകൾ പ്രകാശപൂരിതമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച 2024-26 സ്ട്രീറ്റ് ലൈറ്റിങ് പദ്ധതിയുടെ ഭാഗമായുള്ള വികസന പ്രവൃത്തികളാണ് നടന്നുവരുന്നത്. മൂന്ന് സ്ട്രീറ്റുകളിലായി ഭൂമിക്കടിയിലൂടെ 47,140 മീറ്റർ നീളത്തിൽ കേബിൾ വലിക്കുകയും 959 പോസ്റ്റുകളും 1010 എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചതായി ആർ.ടി.എ സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
മിർദിഫ്, ഉമ്മു സുഖൈം 2, അൽ മനാറ, അൽ മുറിയൽ റിസർവ് സ്ട്രീറ്റ് ഊദ് മേത്തയിലെ പാർക്കിങ് ഏരിയകൾ എന്നിവിടങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതികൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിലായി 763 വൈദ്യുതിക്കാലുകൾ, 764 എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. ഇതിനായി 48,170 മീറ്റർ നീളത്തിൽ ഭൂമിക്കടിയിലൂടെ കേബിളുകൾ വലിക്കും.
കൂടാതെ അൽ സഫ 1, 2, അൽ ഹുദൈബ, അൽ സത്വ, അൽ ബദാ, അൽ വാഹിദ, ജുമൈറ എന്നിവിടങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. അൽ മംസാർ, ഉമ്മു സുഖൈം, അൽ സുഫൂഹ് 1, അൽ അവിർ 2, അൽ ഖൂസിലെ ഒന്ന്, രണ്ട് റസിഡൻസ് ഏരിയകൾ, ബാബ് അൽ ശംസിലേക്ക് പോകുന്ന നാദ് അൽ ഹമർ എന്നിവിടങ്ങളിലും ഹോർ അൽ അൻസ്, ഹോർ അൽ ഹൻസ് ഈസ്റ്റ്, അൽ നഹ്ദ 1, 2, മുഹൈസിന 2, അൽ റുവൈയാഹ് 3, അൽ റഫ, പോർട്ട് സഈദ്, സഅബീർ 1, അൽ റാശിദിയ, അൽ ബർഷ സൗത്ത് 1, 3 എന്നിവയാണ് 2025ൽ തെരുവുവിളക്ക് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങൾ.
ഊദ് അൽ മുതീന 1, ഉമ്മു റമൂൽ, അൽ ജാഫിലിയ, അൽ മർമൂം, നാദ് അൽ ഷിബ 1, അൽ വർസാൻ 2, ഹിന്ദ് സിറ്റി, ബിസിനസ് ബേ 1, അൽ ജദ്ദാഫ്, റാസൽ ഖോറിലെ 1, 2,3 ഇൻഡസ്ട്രിയൽ ഏരിയകൾ, അൽ ഗർഹൂദ്, അൽ തവാർ 1,2,3, ഹത്ത, ഖിസൈസിലെ 1,2,3 റസിഡൻസ് ഏരിയകൾ എന്നിവിടങ്ങളിലെ വ്യത്യസ്ത പാർക്കിങ് സ്ഥലങ്ങൾ എന്നിവയാണ് 2026 പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.