ജിദ്ദ: റെഡ്സീ വികസന കമ്പനിക്ക് കീഴിൽ കുടിവെള്ള ഉൽപാദന പ്ലാൻറ് ഉദ്ഘാടനം ചെയ്തു. പൂർണമായും സോളാർ, കാറ്റ് ഉൗർജം ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന ആദ്യത്തെ ശുദ്ധജല പ്ലാൻറ് ആണ് ചെങ്കടൽ തീരത്ത് റെഡ്സീ കമ്പനി ആരംഭിച്ചിരിക്കുന്നത്. കാർബൺ ഉദ്വമനം കുറച്ച് പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം വിഷൻ 2030 ആവശ്യപ്പെടുന്നതനുസരിച്ച് വൈവിധ്യമാർന്ന സൗദി ഉൽപന്നങ്ങൾക്ക് പിന്തുണ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജലശുദ്ധീകരണ രംഗത്ത് അറിയപ്പെടുന്ന 'സോഴ്സ് ഗ്ലോബൽ' എന്ന കമ്പനിയുമായി സഹകരിച്ചാണ് വേറിട്ട പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് റെഡ്സീ കമ്പനി വക്താവ് എൻജിനീയർ അഹ്മദ് ഗാസി ദർവേശ് പറഞ്ഞു. വിനോദ സഞ്ചാരികളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്നതാണ്. പ്രതിവർഷം 330 മില്ലിലിറ്റർ ശേഷിയുള്ള 20 ലക്ഷം കുപ്പിവെള്ളം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻറ് പൂർണമായും സോളാർ സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ പ്രതിവർഷം 3,00,000 കുപ്പി വെള്ളം വരെ ഉൽപാദിപ്പിക്കാനാകും. പുനരുപയോഗിക്കാവുന്ന ഗ്ലാസ് കൊണ്ടുള്ള കുപ്പികളിലായിരിക്കും വെള്ളം നിറക്കുക. ഗ്ലാസ് കുപ്പിയിൽ വെള്ളമൊരുക്കുന്നതിലൂടെ കാർബൻ കുറച്ചുകൊണ്ടുവരാനും പ്ലാസ്റ്റിക് ബോട്ടിലുകൾ ഇല്ലാതാക്കാനും കഴിയുമെന്നും വക്താവ് പറഞ്ഞു.
30 തൊഴിലവസരങ്ങൾ പ്ലാൻറിനു കീഴിലുണ്ടാകും. ഇതിൽ 10 എണ്ണം വിദഗ്ധ ജോലിക്കാർക്കായിരിക്കും. ജോലിക്കാർക്ക് ആവശ്യമായ പരിശീലനം നൽകും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷെൻറ നിർമാണത്തിനു സവിശേഷമായ സ്ഥലമാണ് കണ്ടെത്തിയത്. പ്ലാൻറ് സൈറ്റിലും ചുറ്റും ഹൈഡ്രജൻ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. കാര്യക്ഷമതയും വിജയവും ഉറപ്പുവരുത്താൻ ഇപ്പോൾ 100 ഹൈഡ്രജൻ പാനലുകൾ സ്ഥാപിക്കും.
രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിൽ വിപുലീകരണത്തിെൻറ അടിസ്ഥാനത്തിൽ മൊത്തം1200 ഹൈഡ്രജൻ പാനലുകൾ സ്ഥാപിക്കാനാണ് പരിപാടി. പ്ലാൻറിനു ആവശ്യമായ യന്ത്രസാമഗ്രികളും ഉപകരണങ്ങളും പുനരുപയോഗിക്കാവുന്ന കുപ്പികളും രാജ്യത്തെ കമ്പനികളിൽ നിന്നായിരിക്കും വാങ്ങുകയെന്നും വക്താവ് പറഞ്ഞു. ദേശീയ വൈദ്യുതി നിലയവുമായി ബന്ധിപ്പിക്കാതെ, സൗരോർജത്തിലൂടെ ഹൈഡ്രജൻ പാനലുകൾ പ്രവർത്തിപ്പിച്ച് ഉയർന്ന നിലവാരമുള്ള കുടിവെള്ളം ഉൽപാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇത്തരം സാേങ്കതികവിദ്യയിൽ ശുദ്ധീകരിക്കുന്ന ജലം പ്രാദേശികവും അന്തർദേശീയവുമായ ജലഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും റെഡ്സീ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.