ഏപ്രിൽ 21ന് നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രിയുടെ വിവാദമായ വിദ്വേഷ പരാമർശങ്ങളുള്ള പ്രസംഗത്തിനു കേരളമോ തമിഴ് നാടോ യൂ.പിയോ രാജ്യതലസ്ഥാനമോ അല്ല, രാജസ്ഥാനാണ് വേദിയാക്കിയത് എന്നത് ശ്രദ്ധേയമാണ്. രാജ്യം കടന്നുപോകുന്ന സാമൂഹിക അവസ്ഥകൾ നിരീക്ഷിച്ചാൽ വൻതോതിൽ ജനങ്ങൾ അസ്വസ്ഥരാണ് എന്നാണ് കാണാൻ കഴിയുക. വിലക്കയറ്റം, തൊഴിൽ കിട്ടാത്ത അവസ്ഥ, കർഷക ദുരന്തങ്ങൾ, ജനാധിപത്യ സംവിധാനങ്ങളിൽ മൂല്യങ്ങൾ തകരുന്ന അവസ്ഥ, അധികാര സ്ഥാനങ്ങളിലേക്ക് എത്തുന്നവർ ജനങ്ങളിൽ നിന്നും അകല്ച യിലാവുകയും, കോർപ്പറേറ്റുകളുടെ വർധിച്ചു വരുന്ന പ്രാധാന്യവും വിദ്യാഭ്യാസമേഖലയിലെ മതവത്കരണം, തുടങ്ങി സർവ മേഖലയിലും ജനങ്ങളുടെ അസ്വസ്ഥതകൾ വളരുകയാണ്.
നീതിക്കുവേണ്ടി നിലകൊള്ളുന്ന കോടതികൾ, നിഷ്പക്ഷതയുള്ള മാധ്യമങ്ങൾ, ഇവയിലൊക്കെ പ്രതീക്ഷ അർപ്പിച്ചാണ് രാജ്യം മുന്നോട്ടുപോകേണ്ടത് എന്നിരിക്കെ എല്ലാ മേഖലകളിലും ഭരണാധികാരികൾ രാഷ്ട്രീയവൽക്കരിക്കുകയാണ്. ഈ അവസ്ഥയിൽ വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ല വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാൻ കഴിയാത്ത പൗരത്വ നിയമഭേദഗതിയും ഇലക്ടറൽ ബോണ്ടിലെ ദുരൂഹതകളും തുടരുകയാണ്. രാജ്യം കലുഷിതമായ അവസ്ഥയിലാണ് എന്നു പറയാതെ വയ്യ. അതിനിടെയാണ് മുസ്ലിം മതവിഭാഗത്തിനെതിരെ വിദ്വേഷപരമായ പരാമർശങ്ങൾ കൂടി പ്രധാന മന്ത്രിയിൽനിന്നും വന്നിരിക്കുന്നത്.
രാജ്യത്തെ സംസ്ഥാനങ്ങളിൽ നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ഡേറ്റ അനുസരിച്ച് ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള രാജസ്ഥാനിലാണ് ( 57.6 %) സ്ത്രീകളെകൂടി ബാധിക്കുന്ന താലിമാലയെയും അതിലെ സ്വർണത്തെയും വരെ പരാമർശിക്കുന്ന പ്രസംഗം നടത്തിയത്. സാമാന്യ ബോധമുള്ള ഏതെങ്കിലും മനുഷ്യർ അംഗീകരിക്കുന്ന ഒരു നിർദേശമാണോ ഇത്? ഏത് മനുഷ്യരാണ് താലിമാലയും സ്വത്തുവകകളും മറ്റുള്ളവരിൽനിന്നും പിടിച്ചെടുത്ത് വേറെ ആർക്കെങ്കിലും നൽകുന്നതിനോട് യോജിക്കുക! ഒരു പാർട്ടിയുടെയും പ്രകടന പത്രികയിൽ അങ്ങിനെ പറയാൻ കഴിയില്ല, അതു അസാധ്യമായ ഒരു അധാർമിക വാഗ്ദാനവുമാണ്. അത് അറിയാവുന്ന വിദ്യാഭ്യാസമുള്ള സമൂഹത്തിൽ അംഗീകരിക്കപ്പെടാത്ത ഒരു വിദ്വേഷ പ്രസ്താവനയാണ് രാജ്യത്തെ ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരത നിരക്കുള്ള ഒരു സമൂഹത്തിലേക്കു പടർത്താൻ ശ്രമിച്ചത് എന്നല്ലേ വ്യക്തമാകുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.