യാംബു: ടൂറിസം രംഗത്ത് വൻ കുതിപ്പുമായി സൗദി. രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന 156 ശതമാനം. ലോക വിനോദസഞ്ചാര സംഘടന ഈ മാസം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ടൂറിസം രംഗത്ത് സൗദി അറേബ്യ കൈവരിച്ച നേട്ടം കോവിഡ് കാലത്തെ തുടർന്ന് തളർന്ന വിനോദസഞ്ചാര മേഖലയെ ആഗോളതലത്തിൽ തന്നെ ഉണർത്തുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. ഇക്കാര്യത്തിൽ മധ്യപൗരസ്ത്യ മേഖലയെ നേതൃപദവിയിലേക്കുണർത്തുന്നതിലും സൗദിയുടെ പങ്ക് നിർണായകമായെന്നും ടൂറിസം റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ വളർച്ച നിരക്കിൽ ഗ്രൂപ് 20 രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാമതെത്തി.
ടൂറിസം വരുമാനത്തിൽ കഴിഞ്ഞ വർഷമുണ്ടായത് 130 കോടി റിയാലിന്റെ, അതായത് 88 ശതമാനം വർധനയാണ്. വിദേശ വിനോദ സഞ്ചാരികളിൽനിന്നുള്ള ഈ അസാധാരണമായ വരുമാന വളർച്ച ആഭ്യന്തര ടൂറിസത്തിന്റെ വമ്പിച്ച പുരോഗതിക്ക് സഹായിച്ചു. ആഗോളതലത്തിൽ ടൂറിസം മേഖലയിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ.
രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ വിദേശ ടൂറിസ്റ്റുകൾ ഏറ്റവുമധികം ധനവിനിയോഗം നടത്തിയ വർഷവും 2023 ആണ്. ഈ വർഷം അവസാനത്തോടെ റെക്കോർഡ് വർധന ആയിരിക്കും രാജ്യം ഈ മേഖലയിൽ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ടൂറിസം മന്ത്രാലയത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും ദേശീയ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ അതിന്റെ നിർണായക പങ്കിന്റെയും ഫലമാണ് ഈ കുതിപ്പിനിടയാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.
സൗദിയുടെ സമഗ്ര വികസന കാഴ്ചപ്പാടായ ‘വിഷൻ 2030’ലെ ലക്ഷ്യങ്ങളിലുള്ള വിവിധ ടൂറിസം പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞതും നേട്ടമായി. സമീപകാലത്ത്, ടൂറിസം വ്യവസായത്തിൽ സൗദി ശ്രദ്ധേയമായ നാഴികക്കല്ലുകളിട്ടു. 2023ൽ ആഗോളതലത്തിൽ ടൂറിസം വരുമാന സൂചികയിൽ മുന്നിലെത്തിയെന്നതാണ് അതിലൊന്ന്. 2019-ൽ 27ാം സ്ഥാനത്തായിരുന്നു രാജ്യമാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്.
ഏകദേശം 78 ലക്ഷം സഞ്ചാരികളാണ് 2023ൽ സൗദിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.