തനിമ 'ഇന്ത്യ@75' പരിപാടികൾ പ്രഖ്യാപിച്ചു
ദമ്മാം: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തനിമ സാംസ്കാരിക വേദി ദമ്മാം സോൺ പ്രശ്നോത്തിരി, ചർച്ചാ സദസ്സ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 21 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഓൺലൈൻ പ്രശ്നോത്തരിയിൽ പ്രവാസലോകത്തുള്ള മുഴുവൻ മലയാളികൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 15 മുതൽ ആരംഭിച്ചു. ഒന്നാം സമ്മാനം ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ, രണ്ടാം സമ്മാനം ടാബ് ലറ്റ് പി.സി, മൂന്നാം സമ്മാനം സ്മാർട്ട് വാച്ച്, കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +966530058920, +966581280593 എന്നീ വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വവും സൗഹാർദാന്തരീക്ഷവും എന്ന ആശയം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആശങ്കകൾ ചർച്ച ചെയ്യുന്ന ചർച്ചാസദസ്സും മറ്റു വൈവിധ്യമാർന്ന പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും. സ്വതന്ത്ര ഇന്ത്യ 75 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ പോയകാലത്തെ സംഭവ ബഹുലമായ നാൾവഴികൾ പ്രവാസലോകത്ത് ചർച്ച ചെയ്യപ്പെടുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ അംജദ്, ജോഷി ബാഷ, ബിനാൻ ബഷീർ, ഷബ്ന അസീസ് എന്നിവർ പങ്കെടുത്തു.
മാസം നീളുന്ന സ്വാതന്ത്ര്യദിനാഘോഷവുമായി ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: 76ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് വർണാഭമായ പരിപാടികളോടെ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി തുടക്കം കുറിച്ചു. ഒരു മാസം നീളുന്ന ആഘോഷ പരിപാടികളിൽ കലാകായിക മത്സരങ്ങൾ, സേവന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ ബോധവത്കരണം, സ്ത്രീശാക്തീകരണം, ലഹരിക്കെതിരെ ബോധവത്കരണം തുടങ്ങിയ പരിപാടികളാണ് വിവിധ ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിൽ നടക്കുക. 'ഫ്രീഡം നൈറ്റ് 2022' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കോയിസ്സൻ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
വർത്തമാനകാല ഇന്ത്യയിലെ സംഭവ വികാസങ്ങൾ ആശങ്കയുളവാക്കുന്നതാണെന്നും ഗാന്ധിജിയും നെഹ്റുവും സ്വപ്നം കണ്ട ജനാധിപത്യ, മതേതരത്വ ഇന്ത്യ നമുക്ക് കൈമോശം വന്നുപോയെന്നും അത് തിരിച്ചുപിടിക്കാൻ ഓരോ യുവാക്കളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. റുവൈസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാഫി കോണിക്കൽ അധ്യക്ഷത വഹിച്ചു. കുടുംബ ജീവിതങ്ങളെ താളംതെറ്റിക്കുന്ന ലഹരിക്കെതിരെ ഹസൻ മങ്കട അവതരിപ്പിച്ച ഏകാങ്ക നാടകം ശ്രദ്ധേയമായി. സെക്രട്ടറി ഫൈസൽ തമ്പാറ, റാഫി ചേളാരി, ഹസൻ മങ്കട, യൂനുസ് തൂവൂർ, ഷഹബാസ് തുടങ്ങിയവർ സംസാരിച്ചു.
മക്ക ഒ.ഐ.സി.സി ആഘോഷം
മക്ക: ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. മതേതരത്വം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും അത് കാത്തുസൂക്ഷിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണെന്നും യോഗം വിലയിരുത്തി. ഭാരതം പടുത്തുയർത്തിയത് കോൺഗ്രസ് നേതാക്കൾ ആണ്. ലോകത്തിന്റെ ഏതു കോണിൽ ആയാലും ഇന്ത്യ എന്ന വികാരം ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയും എന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനറൽ സെക്രട്ടറി ഷാജി ചുനക്കര അഭിപ്രായപ്പെട്ടു. മധുരം വിതരണം ചെയ്തും കേക്കും മുറിച്ചും കൊച്ചു കുട്ടികൾക്ക് ഐസ്ക്രീം വിതരണം ചെയ്തും മക്ക സറാക്കോ കമ്പനി കോമ്പൗണ്ടിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. സാക്കിർ കൊടുവള്ളി, റഷീദ് ബിൻസാഗർ, ജിബിൻ സമദ് കൊച്ചി, മുഹമ്മദ് ഷാ കൊല്ലം, ഷംനാസ് അടിവാട്, സദ്ദാം മുഹമ്മദ്, ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഹബീബ് കോഴിക്കോട് സ്വാഗതം പറഞ്ഞു.
രിസാലത്തുൽ ഇസ്ലാം മദ്റസയിൽ ആഘോഷം
റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രലിന്റെ കീഴിലുള്ള രിസാലത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികൾ ഇന്ത്യൻ സ്വാതന്ത്ര്യ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് എക്സിറ്റ് 16 ലെ മിഅവിയ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ 75 വിദ്യാർഥികൾ ചേർന്ന് ഇന്ത്യയുടെ ഭൂപടമൊരുക്കി. ഐ.സി.എഫ് വെൽഫെയർ ആൻഡ് സർവിസ് സെക്രട്ടറി സൈനുദ്ദീൻ കുനിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രോഗ്രാം ചെയർമാൻ ജഅഫർ തങ്ങൾ ദേശസ്നേഹ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
വിദ്യാർഥികൾക്കായി ദേശീയ പതാക നിറം കൊടുക്കൽ, ഇന്ത്യയുടെ ഭൂപടം വരക്കൽ എന്നീ മത്സരങ്ങൾ നടന്നു. സ്വാതന്ത്യ സമര ചരിത്രങ്ങളും ദേശത്തിന്റെ വളർച്ചയും ഉൾക്കൊള്ളിച്ചുള്ള ക്വിസ് മത്സരം, അലിഫ് ഇന്റർനാഷനൽ സ്കൂൾ അറബിക് വിഭാഗം മേധാവി അലി ബുഖാരി നയിച്ചു. മറ്റു കലാ കായിക വിനോദപരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർ ജമാൽ സഖാഫി, സെൻട്രൽ ദഅവാകാര്യ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി, വിദ്യാഭ്യാസ സെക്രട്ടറി ഇസ്മാഈൽ സഅദി, പ്രസിഡന്റ് അബ്ദുൽ റശീദ് കക്കോവ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വിവിധ മത്സരയിനങ്ങളിലെ വിജയികൾ: നസ്നിം, നൂറ അഹ്മദ് (ദേശീയ പതാക നിറം കൊടുക്കൽ), പി.കെ. ഫഹ്മ, സഫ്വാൻ അബ്ദുൽ ഖാദിർ (ഭൂപടം വരക്കൽ), ഫഹ്മ, മിഹ്റാൻ നമീർ, മുഹമ്മദ് ഹിഷാം (ക്വിസ്), ഫാത്തിമ സിംറ അഫ്രാസ് (ഓട്ടമത്സരം - ജൂനിയേഴ്സ്), മെഹ്റൻ നമീർ, അശാസ് (ഓട്ടമത്സരം - സീനിയേഴ്സ്), നസ്നിം, ഹാല, ഷാഹിദ് (ഇൻ ഔട്ട് മത്സരങ്ങൾ).
സ്വാതന്ത്ര്യത്തിന്റെ കാവലാളാവണം -പ്രവാസി സാംസ്കാരിക വേദി
റിയാദ്: ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ പാരമ്പര്യത്തിനും മൂല്യങ്ങൾക്കുമെതിരായ ഭീഷണികൾക്കെതിരെ ജാഗ്രത പാലിക്കാനും പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സമ്മേളനം ജനങ്ങളോട് അഭ്യർഥിച്ചു. 'സ്വതന്ത്ര ഇന്ത്യ: 75 വർഷം പിന്നിടുമ്പോൾ' എന്ന ചർച്ചയിൽ നിരവധി പേർ സംസാരിച്ചു. പൊലിമയാർന്ന ആഘോഷങ്ങൾക്കും ബാഹ്യമായ ആചാരങ്ങൾക്കും ഇടയിൽ ഓരോ പൗരനും അവകാശപ്പെട്ട സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്നുണ്ടോ എന്ന വിഷയം പ്രസക്തമാണെന്ന് ഉദ്ഘാടനം നിർവഹിച്ച പ്രസിഡന്റ് സാജു ജോർജ് ചോദിച്ചു.
സിദ്ദീഖ് കാപ്പൻ തൊട്ട് നിരവധി പേർ പൗരാവകാശ ധ്വംസനത്തിനിരയാണെന്നും മാധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കും ഇനി കറുത്ത ദിനങ്ങളാണെന്നും മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ചൂണ്ടിക്കാട്ടി. അജ്മൽ ഹുസൈൻ, ബാരിഷ് ചെമ്പകശ്ശേരി , വി.ജെ. നസ്റുദ്ദീൻ, പ്രവാസി ജനറൽ സെക്രട്ടറി ഖലീൽ പാലോട് ,പ്രവാസി കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശിഹാബ് കുണ്ടൂർ, സലീം മാഹി എന്നിവർ സംസാരിച്ചു. സൗത്ത് മേഖല പ്രസിഡന്റ് അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ മാഹി ഗാനമാലപിച്ചു. മേഖല കമ്മിറ്റിയംഗങ്ങളായ ഷമീർ തലശ്ശേരി സ്വാഗതവും എൻ.എൻ. ദാവൂദ് നന്ദിയും പറഞ്ഞു.
മാസ് തബൂക്ക് സ്വാതന്ത്ര്യ ദിനാഘോഷം
തബൂക്ക്: സ്വാതന്ത്ര്യത്തിന്റെ 75 വര്ഷങ്ങള് 'ആസാദി കാ അമൃത് മഹോത്സാവ്' ആഘോഷത്തിന്റെ ഭാഗമായി മാസ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ തബൂക്കിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡൻറ് റഹീം ഭരതന്നൂർ ദേശീയ പതാക ഉയർത്തി. ഇന്ത്യൻ പ്രസിഡൻറിന്റെ സ്വാതന്ത്ര്യദിന സന്ദേശം മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സ്നേഹ രതീഷും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഉബൈസ് മുസ്തഫയും അവതരിപ്പിച്ചു. മാത്യു തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോസ് സ്കറിയ, പി.വി. ആന്റണി, നജീം ആലപ്പുഴ, മുസ്തഫ തെക്കൻ, വിശ്വനാഥൻ, ബിജി കുഴിമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി. മധുര വിതരണത്തിനുശേഷം ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി സമാപിച്ചത്.
കനിവ് സ്വാതന്ത്ര്യദിനാഘോഷം
ദമ്മാം: കനിവ് സാംസ്കാരിക വേദി ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സമ്മേളനവും ചർച്ചയും സംഘടിപ്പിച്ചു. പ്രസിഡൻറ് ബിജു ബേബി അധ്യക്ഷത വഹിച്ചു. ഷാജി പത്തിച്ചിറ, ബിനോ കോശി, തോമസ് ഉതിമൂട്, അനിൽ ഐസക്ക്, സജി അനുഗ്രഹ, ജോൺസൺ ഡാനിയേൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളുടെ സാന്നിധ്യത്തിൽ ബിജു ബേബി പതാക ഉയർത്തി. 'സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ജോൺ രാജു ചർച്ചയ്ക്ക് നേതൃത്വം നൽകി. റോബിൻ ടൈറ്റസിെൻറ നേതൃത്വത്തിൽ ദേശീയ ഗാനാലാപനം നടത്തി. ഷിജു കലയപുരം സ്വാഗതവും ലിജോയി ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.