ഈ വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർത്ഥാടകർ; ഹജ്ജ് കരാറിൽ ഇന്ത്യ ഒപ്പുവെച്ചു

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി ഇന്ത്യയിൽ നിന്നും 1,75,025 തീർത്ഥാടകർക്ക് അവസരമുണ്ടാവും. സൗദിയും ഇന്ത്യയുമായി ഈ വർഷത്തെ ഹജ്ജ് കരാർ നിലവിൽ വന്നു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് എക്സ്പോ പ്രദർശനത്തിൽ വെച്ച്‌ സൗദി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ .അബ്ദുൽ ഫത്താഹ് മഷാത്തും ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമുമാണ് കരാറിൽ ഒപ്പുവച്ചത്.

കോവിഡിനെ തുടർന്ന് 2020, 2021 വർഷങ്ങളിൽ ഹജ്ജ് കർമത്തിന് സൗദിക്ക് പുറത്തുനിന്നും വിദേശ തീർത്ഥാടകർക്ക് അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം നിയന്ത്രണങ്ങളോടെ സൗദിക്ക് അകത്തുനിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീർത്ഥാടകർക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഇവരിൽ എട്ടര ലക്ഷം വിദേശ തീർത്ഥാടകരായിരുന്നു. ഇന്ത്യയിൽ നിന്നും കഴിഞ്ഞ വർഷം 79,237 പേർ മാത്രമാണ് ഹജ്ജിനെത്തിയത്.

കോവിഡിന് മുമ്പ് ഇന്ത്യക്ക് അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയായ 1,75,025 എന്നത് വീണ്ടും സൗദി അറേബ്യ പുനർനിശ്ചയിച്ചിരിക്കുകയാണിപ്പോൾ. ജൂൺ 26 മുതൽ ജൂലൈ ഒന്ന് വരെയായിരിക്കും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ.

ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോ ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ 17 രാജ്യങ്ങളുമായും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് ഏഴ് രാജ്യങ്ങളുമായും ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ഓരോ രാജ്യങ്ങൾക്കുമുള്ള ഹജ്ജ് ക്വാട്ടകൾ, ഈ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദിയിൽ പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യേണ്ട യാത്ര സൗകര്യങ്ങൾ, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള സമ്പൂർണ കരാറുകളാണ് വിവിധ രാജ്യങ്ങളുമായി സൗദി അധികാരികൾ ഒപ്പുവെക്കുന്നത്. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് എക്സ്പോ വ്യാഴാഴ്ച സമാപിക്കും.

Tags:    
News Summary - India has signed the Hajj agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.