ദമ്മാം: 91ാമത്​ ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഇന്ത്യയുടെ ആശംസ. ഭരണകൂടത്തിനും ജനങ്ങൾക്കും വേണ്ടി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദാണ്​ ആശംസകൾ അറിയിച്ചത്​. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മത്സരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദിയും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യമായി രൂപപ്പെട്ടത് മുതൽ മധ്യപൂർവേഷ്യയിലെ പ്രധാന സമ്പദ് വ്യവസ്ഥയിൽ തുടരാൻ സൗദി അറേബ്യക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ യുവ നേതാക്കളുടെ നേതൃത്വത്തിൽ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങൾ അത്യന്താധുനികവും പുരോഗമനപരവുമായ ഒരു രാജ്യമായി സൗദിയെ ഉയർത്തി. മക്കയും മദീനയും ഉൾപ്പെടുന്ന തിരുഗേഹങ്ങളുടെ സംരക്ഷകർ എന്ന അർഥത്തിൽ ആഗോള ഇസ്​ലാമിക ലോകത്ത് സൗദിക്ക് സവിശേഷമായ സ്ഥാനമുണ്ട്.

ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള വ്യാപാര പങ്കാളി എന്ന അർഥത്തിൽ ഇരു രാജ്യങ്ങൾക്കിടയിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 75 വർഷം പഴക്കമുണ്ട്. പ്രതിരോധ സഹകരണം, സുരക്ഷ, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ വിശാലമായ മേഖലകളിൽ ശക്തമായ പങ്കാളിത്തം ഇരു രാജ്യങ്ങൾക്കുമിടയിൽ പുരോഗമിക്കുകയാണ്. ഒപ്പം ഊർജ്ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം മുതൽ അന്തർദേശീയ ഭീകരതയെ ചെറുക്കുന്നതുവരെയുള്ള ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ചുകൊണ്ടിരിക്കുകയാണ്. യു.എൻ, ജി-20, ജി.സി.സി തുടങ്ങിയ ബഹുരാഷ്​ട്ര വേദികളിൽ ഇന്ത്യ - സൗദി സഹകരണം കൂടതൽ ഉപകാരപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കൾ തമ്മിലുള്ള സത്യസന്ധവും പരസ്പര ബഹുമാനപരവുമായ ബന്ധം സമകാലിക കാലഘട്ടത്തിൽ നമ്മുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഉത്തേജകമായി പ്രവർത്തിച്ചിട്ടുണ്ട്.

2016 ലും 2019 ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019 ൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഉൾപ്പെടെ നിരവധി ഉഭയകക്ഷി സന്ദർശനങ്ങൾ നടത്തി. ഇത് ഏറ്റവും തന്ത്രപരമായ പങ്കാളിത്ത കൗൺസിലി​െൻറ (എസ്​.പി.സി) രൂപവത്​കരണത്തിനും ​ഇടയാക്കി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാ​ൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഇന്ത്യാ സന്ദർശനം ബന്ധങ്ങളെ കൂടുതൽ ഉഷ്മളമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വിഭാവനം ചെയ്ത ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തം പരിഹരിക്കാൻ ഇതിനെ തുടർന്നുള്ള ചർച്ചകൾക്കായി. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഊർജ്ജം, ഐ.ടി, പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം തുടങ്ങിയ പ്രധാന മേഖലകളുൾപ്പെടെ സൗദി അറേബ്യയുമായി കൂടുതൽ ബന്ധങ്ങൾ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.

2021െൻറ ആദ്യ പകുതിയിൽ, 14.87 ശതകോടി യു.എസ് ഡോളറിെൻറ ഉഭയകക്ഷി വ്യാപാരവുമായി ഇന്ത്യ, സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറി. കോവിഡ് പകർച്ചവ്യാധിയും എണ്ണ വിപണിയിലെ ചാഞ്ചാട്ടവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഇരു രാജ്യങ്ങളും ഉഭയകക്ഷി സാമ്പത്തിക വളർച്ചയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിനും പരസ്പര നിക്ഷേപം ഉയർത്തുന്നതിനും ഇരു രാജ്യങ്ങൾക്കും സാധിച്ചു എന്നതിെൻറ തെളിവുകൂടിയാണിത്.

സൗദിയിൽ ഉയർന്നു വരുന്ന നിയോം സ്വപ്​ന നഗരം, ഖിദ്ദിയ വിനോദ നഗരം, ചെങ്കടൽ ടൂറിസം, അമല തുടങ്ങിയ ബൃഹദ്​ പദ്ധതികൾ ഇന്ത്യൻ കമ്പനികൾക്ക് നിരവധി സാധ്യതകൾ തുറന്നിടുന്നു. സാംസ്കാരിക രംഗത്ത് ഇരു രാജ്യങ്ങളും ഫിലിം കോ-പ്രൊഡക്ഷൻ, ഫിലിം ഫെസ്​റ്റിവലുകൾ, ജോയിൻറ്​ ആർട്ട്, പെയിൻറിങ്​, തിയേറ്റർ ഫെസ്​റ്റിവലുകൾ, മെഗാ ബോളിവുഡ് വിനോദ പരിപാടികൾ, ഡോക്യുമെൻററി നിർമാണം, ടൂറിസം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം മെച്ചപ്പെടുത്തുകയാണ്. 2018ൽ സൗദി സാംസ്കാരിക പൈതൃക ഉത്സവമായ ജനാദിരിയയിൽ ഇന്ത്യയെ അതിഥി രാജ്യമായി തെരഞ്ഞെടുത്തതും ഇതിെൻറ ഏറ്റവും വലിയ അംഗീകാരമാണ്. അടുത്ത രണ്ട് വർഷങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറ 75ാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവം' ആയി ആഘോഷിക്കുന്നതിനാൽ സൗദിയിലും സാംസ്കാരിക ഉത്സവങ്ങൾ അരങ്ങേറും.

1991ൽ സ്ഥാപിതമായ കെയ്‌റോയിലെ മൗലാനാ ആസാദ് സാംസ്കാരിക കേന്ദ്രത്തിന് ശേഷം മധ്യപൗരസ്​ത്യ ഏഷ്യയിലെ രണ്ടാമത്തെ രണ്ടാമത്തെ സാംസ്കാരിക കേന്ദ്രമായി റിയാദിൽ ഒരു ഇന്ത്യൻ കൾച്ചർ സെൻറർ ഉടൻ സ്ഥാപിക്കപ്പെടും. കൂടാതെ റിയാദിലെ 'ലിറ്റിൽ ഇന്ത്യ' പദ്ധതി, 'ഇന്ത്യ തീം പാർക്കി'​െൻറ വികസനം തുടങ്ങിയവ സൗദിയിൽ ഇന്ത്യൻ സംസ്കാരത്തി​െൻറ മനോഹരമായ അടയാളപ്പെടുത്തലുകളാകും. വരാനിരിക്കുന്ന സമയങ്ങളിൽ, രാജ്യത്തിൽ ക്രിക്കറ്റിനെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കായിക മേഖലയിൽ സഹകരണം വിപുലീകരിക്കാനും പദ്ധതിയുണ്ട്.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഉറച്ച പിന്തുണ നൽകിയ രാജാവ് സൽമാൻ ബിൻ അബ്​ദുൽ അസീസ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്ക് ആത്മാർഥമായ നന്ദി അറിയിക്കാൻ കൂടി ഈ ദേശീയ ദിനാശംസകൾ ഉപയോഗപ്പെടുത്തുകയാണന്നും അംബാസഡർ വാർത്താക്കുറിപ്പിൽ പറഞ്ഞു. കോവിഡ് വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ രാജ്യത്തെ എല്ലാ നിവാസികളുടെയും ക്ഷേമം ഉറപ്പാക്കിയതിന് സൗദിയിലെ എല്ലാവർക്കും ഇന്ത്യയുടെ ദേശീയദിനാശംസകൾ.

Tags:    
News Summary - India wishes on Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.