ഇ​ന്ത്യ​ൻ വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും സൗ​ദി ഊ​ര്‍ജ​മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ന്‍ സ​ല്‍മാ​നും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ 

സൗദി സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ മടങ്ങി

റിയാദ്: സൗദി അറേബ്യയിലെ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വ്യാപാര വാണിജ്യ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയൽ മടങ്ങി. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ സന്ദർശനത്തിനിടെ ചര്‍ച്ചചെയ്തു. വ്യാപാരപ്രമുഖരുമായി വിശദ ചര്‍ച്ച നടത്തിയ അദ്ദേഹം, വ്യാപാര നിക്ഷേപ രംഗത്തെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷ നല്‍കിയാണ് മടങ്ങിയത്.

ഇന്ത്യ-സൗദി തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക നിക്ഷേപ സമിതി മന്ത്രിതല യോഗമായിരുന്നു പ്രധാന പരിപാടി. സൗദി ഊര്‍ജമന്ത്രി അമീർ അബ്ദുൽ അസീസ് ബിന്‍ സല്‍മാനും മന്ത്രി പിയൂഷ് ഗോയലും സംബന്ധിച്ച യോഗത്തില്‍ ഇന്ത്യയിലെ വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്തു. കൃഷി, ഭക്ഷ്യസുരക്ഷ, വിവര സാങ്കേതികം, വ്യവസായം, അടിസ്ഥാന സൗകര്യം മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും താൽപര്യമുള്ള നാല്‍പതിലധികം അവസരങ്ങളെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച.

ഇരു രാജ്യങ്ങളിലെയും സാങ്കേതിക സമിതി നേരത്തെ നിശ്ചയിച്ച വിഷയങ്ങളിലൂന്നി പുരോഗമിച്ച ചര്‍ച്ചയില്‍ 2019ല്‍ കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച 10,000 കോടി ഡോളര്‍ നിക്ഷേപം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. ഊര്‍ജ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊർജം വിഷയങ്ങളും ചര്‍ച്ചചെയ്തു. ഇന്ത്യ വികസിപ്പിച്ച യു.പി.ഐ, റൂപെ കാര്‍ഡ് എന്നിവ സൗദി അറേബ്യയില്‍ ലോഞ്ച് ചെയ്ത് ഡിജിറ്റല്‍ മേഖലയിലെ സഹകരണം, ഇന്ത്യയിലെ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതി, എല്‍.എന്‍.ജി അടിസ്ഥാന സൗകര്യ നിക്ഷേപം, ഇന്ത്യയില്‍ പെട്രോളിയം സംഭരണ സൗകര്യ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഞായറാഴ്ചയാണ് മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തിയത്. തുടര്‍ന്ന് സൗദി വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി, റോയല്‍ കമീഷന്‍ ഓഫ് ജുബൈല്‍ ആന്‍ഡ് യാമ്പു പ്രസിഡന്റ് ഖാലിദ് അല്‍സാലെം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്സവ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ശേഷം ഇരുരാജ്യങ്ങളിലെയും വ്യവസായ വ്യാപാര പ്രമുഖരുടെ യോഗത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - Indian Commerce Minister Piyush Goyal has returned after completing his visit to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.