ഖമീസ് മുശൈത്ത്: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച ഖമീസ് മുശൈത്ത് വി.എഫ്.എസ് സെൻററിൽ ഒരുക്കുന്ന സേവന കൗണ്ടറിൽ അറ്റസ്റ്റേഷന് അനുമതി നൽകിയത് 30 പേർക്ക് മാത്രം. ഈ ആവശ്യവുമായി നൂറുകണക്കിന് ആളുകൾ കാത്തിരിക്കുമ്പോഴാണ് ചുരുക്കം ചിലർക്ക് മാത്രം അനുമതി നൽകിയിരിക്കുന്നത്.
മാസങ്ങൾക്ക് ശേഷമാണ് കോൺസുലേറ്റ് പ്രതിനിധികൾ ഖമീസിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ധാരാളം ആളുകൾ വിവിധ ആവശ്യങ്ങളുമായി കാത്തിരിക്കുകയാണ്. വളരെ ദൂരെ നിന്ന് പോലും നിരവധി ആളുകൾ ആവശ്യങ്ങളുമായി എത്തും. അവർക്കെല്ലാം പ്രയോജനപ്പെടുന്ന വിധത്തിൽ ഒന്നിലധികം ദിവസം നീണ്ടുനിൽക്കുന്ന രീതിയിൽ ക്രമീകരിക്കാനോ അല്ലങ്കിൽ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ നടത്താത്തത് പ്രവാസികളോട് കാണിക്കുന്ന അനീതിയാണ്.
സാമൂഹിക പ്രവർത്തകരെയും സന്നദ്ധ സംഘടനപ്രതിനിധികളെയും മാറ്റി നിർത്തി, അമ്പത് പേരെ പോലും ഉൾക്കൊള്ളാൻ കഴിയാത്ത വി.എഫ്.എസ് ഓഫിസിൽ വെച്ച് പരിപാടി നടത്തിയാൽ കോവിഡ് പ്രോട്ടോകോൾ പോലും പാലിക്കാൻ കഴിയില്ല. കഴിഞ്ഞ പ്രാവിശ്യം ജനത്തിരക്ക് കൂടിയതിനെ തുടർന്ന് സൗദി അധികൃതർ ഇടപെട്ട് കുറച്ച് സമയം പ്രവർത്തനം നിർത്തി വെച്ചിരുന്നു.
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തിരക്ക് കുറക്കാൻ മാസത്തിൽ ഒരു ദിവസം കോൺസുലേറ്റ് സന്ദർശനം നടത്തണം എന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.