റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആചരിക്കുന്ന ‘ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ’ കാമ്പയിന്റെ ഭാഗമായി ഇൻറർനാഷനൽ നേതാക്കളുടെ സ്നേഹസഞ്ചാരം ‘ഇസ്തിഖ്ബാലിയക്ക്’ റിയാദിൽ സ്വീകരണം നൽകി.
2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ മാനവ വികസന വർഷമായി ആചരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മത സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പ്രവാസികൾക്കായി വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്.
മദീനയിൽനിന്ന് ആരംഭിച്ച സ്നേഹസഞ്ചാരം സൗദിയിലെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് റിയാദിൽ എത്തിച്ചേർന്നത്. പ്രവാസികൾക്കിടയിൽ ഏറ്റവുമധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളെപ്പറ്റിയുള്ള ബോധവത്കരണത്തിെൻറ ഭാഗമായി ‘ഹെൽത്തോറിയം’ എല്ലാ ഘടകങ്ങളിലും സജീവമായി നടന്നുവരുന്നു. പ്രവാസികൾ മറ്റേതിനേക്കാളും സ്വന്തം ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകണമെന്നും രോഗം വന്ന ശേഷം ചികിത്സിക്കുകയല്ല, രോഗം വരാതിരിക്കാനുള്ള പരിശീലനമാണ് ആർജിക്കേണ്ടതെന്നും ഐ.സി.എഫ് ഇൻറർനാഷനൽ പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി ഉദ്ബോധിപ്പിച്ചു.
ഹബീബ് കോയ തങ്ങൾ, ശരീഫ് കാരശ്ശേരി, സലിം പാലച്ചിറ, സുബൈർ സഖാഫി, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, ഉമർ പന്നിയൂർ, അബ്ദുൽ നാസർ അഹ്സനി, ഹുസൈനലി കടലുണ്ടി, അഷ്റഫ് ഓച്ചിറ, അബ്ദുസ്സലാം പാമ്പുരുത്തി, സൈനുദ്ദീൻ കുനിയിൽ, ശറഫുദ്ദീൻ നിസാമി, ഷുക്കൂർ മടക്കര എന്നിവരും സ്നേഹ സഞ്ചാരത്തെ അനുഗമിച്ചിരുന്നു. അബ്ദുൽ റഷീദ് ബാഖവിയുടെ പ്രാർഥനയോടെയാണ് സ്വീകരണ സമ്മേളനം തുടങ്ങിയത്. ഐ.സി.എഫ് റിയാദ് സെൻട്രൽ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷതവഹിച്ചു. ഇൻറർനാഷനൽ വിദ്യാഭ്യാസ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഇൻറർനാഷനൽ ഫിനാൻസ് സെക്രട്ടറി ഹബീബ് അൽബുഖാരി, സുബൈർ സഖാഫി എന്നവർ സംസാരിച്ചു.
മാസ്റ്റർ മൈൻഡ് നാഷനൽതല ജേതാക്കളായ അമിൻ മൻസൂർ, അൽസഹ്റ അബ്ദുസമദ്, മുഹമ്മദ് ഫഹീം ഹാരിസ്, പി.കെ. ഫഹ്മ എന്നിവർക്ക് നിസാർ കാട്ടിൽ, അബ്ദുൽ നാസർ അഹ്സനി, മുജീബ് ഉള്ളണം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.സി.എഫ് റിയാദ് സെൻട്രൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും അസീസ് പാലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.