ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ദറഇയ ഗേറ്റിൽ അതോറിറ്റി ഉപദേശകൻ അബ്ദുല്ല അൽ-ഗാനത്തോടൊപ്പം

ഇന്ത്യൻ വിദേശകാര്യമന്ത്രി റിയാദിൽ ദറഇയ ചരിത്രനഗരം സന്ദർശിച്ചു

റിയാദ്: രണ്ടുദിവസത്തെ ഔദ്യോഗിക പര്യടനത്തിന് റിയാദിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ശനിയാഴ്ച രാത്രി ദറഇയ ഗേറ്റ് വികസന അതോറിറ്റി പദ്ധതി മേഖല സന്ദർശിച്ചു. സൗദി അറേബ്യയുടെ പൗരാണിക ഭരണസിരാകേന്ദ്രമായിരുന്ന ദറഇയ ചരിത്രനഗരത്തിന്റെ സംരക്ഷണത്തിന് രൂപവത്കരിച്ച അതോറിറ്റിയാണ് ദറഇയ ഗേറ്റ്.

നഗരത്തിൽ പ്രവേശിച്ച മന്ത്രിക്ക് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉപദേശകൻ അബ്ദുല്ല അൽ-ഗാനം പദ്ധതിയെയും ചരിത്രനഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചുകൊടുത്തു. അതിന് ശേഷം ഡോ. എസ്. ജയശങ്കർ അതോറിറ്റി അധികൃതർക്കും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കുമൊപ്പം സൽവ കൊട്ടാരവും ദറഇയ ഗാലറിയും ത്രീഡി മാപ്പിങ് ഷോയും കണ്ടു.

റിയാദിലെ ജി.സി.സി ആസ്ഥാനം സന്ദർശിച്ച മന്ത്രി ഡോ. എസ്. ജയശങ്കറെ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽ-ഹജ്റഫ് സ്വീകരിക്കുന്നു

മന്ത്രിയെന്ന നിലയിൽ സൗദിയിലെ ​ആദ്യ ഔദ്യോഗിക പര്യടനത്തിന് തുടക്കമിട്ട് ശനിയാഴ്ച രാവിലെ റിയാദിലെത്തിയ ഡോ. എസ്. ജയശങ്കർ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസ്ഥാനം സന്ദർശിക്കുകയും സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽ-ഹജ്റഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

നിലവിലെ പ്രാദേശിക, ആഗോള സാഹചര്യങ്ങളെക്കുറിച്ചും അത്തരം സന്ദർഭത്തിൽ ഇന്ത്യ-ജി.സി.സി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും വീക്ഷണങ്ങൾ പരസ്പരം കൈമാറി. തുടർന്ന് ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള കൂടിയാലോചനകളുടെ യാന്ത്രികഘടന സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള കൂടിയാലോചനകളുടെ യാന്ത്രികഘടന സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവക്കുന്നു

വൈകീട്ട് 4.30 ന് ഇന്ത്യൻ എംബസിയിൽ പ്രവാസി പ്രതിനിധികളുമായുള്ള സംവാദത്തിലും മന്ത്രി പ​ങ്കെടുത്തു. സൗദി അറേബ്യയുടെ ഭരണകൂട തലത്തിലുള്ള കൂടിക്കാഴ്ചകളും യോഗങ്ങളും ഞായാറാഴ്ച രാവിലെ മുതൽ നടക്കും. സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ-സഊദി​നൊപ്പം പ​ങ്കെടുക്കുന്ന രാഷ്ട്രീയ സുരക്ഷാ സാമൂഹിക സാംസ്കാരിക സഹകരണ സമിതി (പി.എസ്.എസ്.സി) യോഗമാണ് സുപ്രധാന പരിപാടി. ഇന്ത്യയും സൗദിയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തത്തിന് വേണ്ടി രൂപവത്കരിച്ചതാണ് പി.എസ്.എസ്.സി.

രണ്ട് മന്ത്രിമാരും ഉഭയകക്ഷി ബന്ധം സമഗ്രമായ അവലോകനത്തിന് വിധേയമാക്കുകയും സഹകരണസമിതുടെ നാല് സംയുക്ത വർക്കിങ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള പ്രവർത്തന പുരോഗതി ചർച്ച ചെയ്യുകയും ചെയ്യും. രാഷ്ട്രീയവും നയതന്ത്രവും, നിയമവും സുരക്ഷയും, സാമൂഹികവും സാംസ്കാരികവും, പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത സമിതി എന്നീ വർക്കിങ് ഗ്രൂപ്പുകളുടെയും സെക്രട്ടറി തല ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.