റിയാദ്: സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ എഴുതാൻ സെൻറർ അനുവദിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ശരിയെല്ലന്നും ആലോചിക്കാമെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതെന്നും എ.എം. ആരിഫ് എം.പി വ്യക്തമാക്കി. ഇത് സംബന്ധമായി ഒരു പത്രത്തിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വന്ന വാർത്തകൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ ആവശ്യം ലക്ഷ്യത്തിലെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് എം.പി കൂട്ടിച്ചേർത്തു.
ഗൾഫ് നാടുകളിൽ നൂറുകണക്കിന് വിദ്യാർഥികൾ പ്രയാസപ്പെടുന്ന വാർത്ത 'ഗൾഫ് മാധ്യമം' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ഈ ആവശ്യമുന്നയിച്ച് നിരവധിതവണ നിവേദനങ്ങൾ സമർപ്പിക്കുകയും അധികൃതരെ കാണുകയും ചെയ്തിരുന്നു. എന്നാൽ ഇതു സംബന്ധമായി സർക്കാറിെൻറ ഭാഗത്തുനിന്നും അനുകൂലമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 'ആലോചിക്കാ'മെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയിലാണ് പ്രവാസി സമൂഹത്തിെൻറ മുഴുവൻ പ്രതീക്ഷയും.
കഴിഞ്ഞമാസം പ്രഖ്യാപിച്ച നീറ്റ് പരീക്ഷ സെപ്റ്റംബർ 12നാണ് നടക്കുക. ഇപ്പോൾ കുവൈത്തിലും യു.എ.ഇയിലും മാത്രമാണ് ഗൾഫിൽ കേന്ദ്രങ്ങളുള്ളത്. ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലും പരീക്ഷക്ക് സംവിധാനങ്ങളില്ല.
സൗദി അറേബ്യ പോലെയുള്ള ഒരു വലിയ രാജ്യത്ത് ഒരു സെൻറർ പോലും അനുവദിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. യു.എ.ഇയിലേക്കോ കുവൈത്തിലേക്കോ യാത്ര ചെയ്യുക മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് പൊതുവിലും കോവിഡ് കാലത്ത് വിശേഷിച്ചും സാധ്യമല്ല.നാട്ടിലേക്കുള്ള യാത്രയും അടഞ്ഞ അധ്യായമാണ്.
നേരത്തെ റിയാദിൽ വളരെ സുഗമമായി ഈ പരീക്ഷ നടന്നിട്ടുണ്ട്. പിന്നീട് സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചു പിൻവലിക്കുകയായിരുന്നു. എല്ലാ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള സൗദിയിലെ സ്കൂളുകൾ പരീക്ഷ നടത്തിപ്പിനു സുസജ്ജമാണ്. കോവിഡ് മഹാമാരിക്കു ശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ രാജ്യവും സ്കൂൾ അധികൃതരും.
കുട്ടികൾക്ക് വാക്സിൻ നൽകിയും അധ്യാപകർക്ക് യാത്രചട്ടങ്ങൾ ലളിതമാക്കിയും പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പ്രവൃത്തിദിനം എന്നാണ് ആരംഭിക്കുക എന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സന്ദർഭത്തിൽ നാട്ടിലേക്ക് പോകുന്നത് രക്ഷിതാക്കൾക്ക് ആലോചിക്കാനാകില്ല. കുട്ടികളുടെ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠ പുലർത്തുന്ന പ്രവാസികൾക്ക് ഇപ്പോൾ വേണ്ടതു സർക്കാറിെൻറ ഭാഗത്തുനിന്നുള്ള മാനുഷിക ഇടപെടലാണ്. അതിനു വേണ്ടി കാത്തിരിക്കുകയാണ് നൂറുകണക്കിന് കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.