ജിദ്ദ: സൗദിയിൽ കോവിഡ് മഹാമാരിക്ക് ശമനം വന്നതിനെത്തുടർന്ന് വിനോദ പരിപാടികൾ വീണ്ടും സജീവമായിരിക്കുകയാണ്. സൗദി ടൂറിസം അതോറിറ്റിക്ക് കീഴിൽ നിരവധി പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്നത്. 'സൗദി വെൽക്കം ടൂ അറേബ്യ' എന്ന പേരിൽ നടക്കുന്ന മേളയിൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളും സംസ്‍ക്കാരങ്ങളും വിദേശ സന്ദർശകർക്കും രാജ്യത്തിനകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും പരിചയപ്പെടുത്തുകയും കൂടെ മറ്റു രാജ്യക്കാരുടെ സാംസ്‌കാരിക പരിപാടികൾ സ്വദേശികൾക്കും ആസ്വദിക്കാനുള്ള അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സൗദി ടൂറിസം ജിദ്ദയിൽ ഒരുക്കിയ 'ഇന്ത്യൻ നൈറ്റ്' ജിദ്ദയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഹൃദ്യമായ അനുഭവമായി. ഉസ്ഫാനിലെ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് ഗ്രൗണ്ടിൽ നടന്ന ഇന്ത്യൻ നൈറ്റിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിച്ചത്. തുറന്ന സ്റ്റേജിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയിൽ നടന്ന ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങിയവ പ്രേക്ഷകരെ ആവേശത്തിലാക്കി.
ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പരിപാടി ഉദ്‌ഘാടനം ചെയ്തു. സൗദി എന്റർടൈമെൻറ് അതോറിറ്റിയിൽ നിന്നുള്ള നൗഷീൻ, ഇവന്റ് കോർഡിനേറ്റർ അർവ എന്നിവരായിരുന്നു സംഘാടകർ. നൃത്തസംവിധായകൻ വിഷ്ണുവിെൻറ കീഴിൽ റിയാദിലെ പോൾ സ്റ്റാർ ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ, മഹമൂദ് അവതരിപ്പിച്ച പപ്പെറ്റ് ഷോ തുടങ്ങിയവ കണ്ണിനും കാതിനും കുളിർമയേകി. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഗായിക-ഗായകൻമാരായ ജമാൽ പാഷ, ഫൈസാൻ, ബൈജുദാസ്, വിജേഷ് ചന്ദ്രു, സഫർ മുഹമ്മദ്, ശബാന അൻഷാദ്, ആശ ഷിജു, ഡോ. മിർസാന ഷാജു എന്നിവരുടെ ഗാനങ്ങൾ തിങ്ങി നിറഞ്ഞ സദസ്സ് ഏറ്റുപാടി.
കീബോർഡ്: വെബ്‌സാൻ ഖാൻ, റിഥം: ബെന്നി, ഗിറ്റാർ: കുമാർ, ഗഫ്ഫാർ, തബല: മനാഫ്, ഷാജഹാൻ ബാബു എന്നിവർ ഓർക്കസ്ട്രക്ക് നേതൃത്വം നൽകി. ഷെറിൻ ലത്തീഫ് അവതാരകയായിരുന്നു. പരിപാടിക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയത് അഷ്‌റഫ് വലിയോറയുടെ നേതൃത്വത്തിലുള്ള വി.ലൈവ് ഇവന്റ് മാനേജ്‍മെന്റ് കമ്പനിയായിരുന്നു. നഗരിയിൽ വിവിധ ഇന്ത്യൻ സ്റ്റാളുകളും ഒരുക്കിയിരുന്നു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം അയ്യായിരത്തിനടുത്ത് ആളുകൾ പങ്കെടുത്തു. കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരുന്നു പ്രവേശനം. നേരത്തെ ഇതേ നഗരിയിൽ ഫിലിപ്പൈൻസ് നൈറ്റ്, പാക്കിസ്ഥാൻ നൈറ്റ് എന്നിവയും അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.