റിയാദ്: ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കുമെന്നും അതിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോരാട്ടം തുടരുമെന്നും സി.ആർ. മഹേഷ് എം.എൽ.എ. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി 100 ദിവസം പിന്നിട്ട ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിഭജിക്കാൻ വേണ്ടി സംഘ്പരിവാർ ശക്തികൾ അധികാരത്തിന്റെ വഴികളിലൂടെ പണമൊഴുക്കി വിദ്വേഷവും മതഭ്രാന്തും പാവപ്പെട്ട ജനങ്ങളുടെ മനസ്സുകളിലേക്ക് കുത്തിനിറക്കുകയാണ്. അതിനും ബി.ജെ.പിയുടെ ജനദ്രോഹ നടപടികൾക്കുമെതിരെ മനുഷ്യ മഹാസാഗരം തീർത്ത് പോരാടാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമേ സാധിക്കൂവെന്ന് തെളിയിക്കുന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, സിദ്ദീഖ് കല്ലുപറമ്പൻ, സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുരേഷ് ശങ്കർ, സലീം അർത്തിയിൽ, നാസർ ലേയ്സ്, ഷഫീഖ് പുരകുന്നിൽ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശനിക്കടവ് സ്വാഗതവും യഹിയ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.