യാംബു: സൗദി അറേബ്യയിൽ വ്യവസായിക ഉൽപാദന സൂചികയിൽ (ഐ.പി.ഐ) മുൻവർഷത്തെ അപേക്ഷിച്ച് ഇടിവ് വന്നതായി റിപ്പോർട്ട്. കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയത് നാലു ശതമാനം കുറവാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോഴാണ് കുറവ് വന്നതായി വിലയിരുത്തിയത്.
ഖനനത്തിന്റെയും വ്യവസായ മേഖലയിലെ പ്രവർത്തനത്തിന്റെയും ഇടിവ് കാരണമാണ് ഈ കുറവ് വന്നതിന് കാരണമെന്നാണ് പ്രാഥമിക പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. 2021നെ അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നതാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജൂണിലെ 110.08 പോയന്റിൽനിന്ന് വ്യവസായിക ഉൽപാദന സൂചിക ഈ വർഷം ജൂണിൽ 105.73 പോയന്റായി കുറഞ്ഞു.
2023 ജൂണിനെ അപേക്ഷിച്ച് ഖനന, ക്വാറി മേഖലയിലെ പ്രവർത്തനങ്ങളിലുണ്ടായ 11.3 ശതമാനം ഇടിവ് ഉൽപാദന സൂചികയെ നേരിട്ട് ബാധിച്ചു. കൂടാതെ, ഈ വർഷം മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഖനനമേഖലയിലെ ഉൽപാദന ഉപസൂചിക 1.8 ശതമാനം കുറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഉൽപാദന ഉപസൂചിക 2023 ജൂണിനെ അപേക്ഷിച്ച് ഈ വർഷം 7.4 ശതമാനം വർധിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ 5.3 ശതമാനവും രാസവസ്തുക്കൾ 9.2 ശതമാനവും വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.