റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസയും ഫാമിലി റെസിഡന്റ് വിസയും സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്പോർട്ടുകൾ സമർപ്പിക്കാൻ ഇന്ത്യയിലെ സൗദി റോയൽ എംബസി, അംഗീകൃത റിക്രൂട്മെന്റ് ഏജൻസികൾക്ക് സർക്കുലർ അയച്ചു.
സ്റ്റാമ്പിങ്ങിന് വി.എഫ്.എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിർബന്ധമാണെന്ന നിർദേശത്തെ തുടർന്ന് വിസ പതിക്കാൻ താൽക്കാലികമായി തടസ്സം നേരിട്ടിരുന്നു. എന്നാൽ, തൊഴിൽ വിസക്ക് ബലിപെരുന്നാൾ അവധി വരെ വിരലടയാളം ആവശ്യമില്ലെന്ന ഉത്തരവ് വന്നതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായെങ്കിലും ഏജൻസികൾക്ക് പാസ്പോർട്ട് സമർപ്പിക്കാൻ നിർദേശം കിട്ടിയിരുന്നില്ല.
അവ്യക്തതകൾക്ക് വിരാമമിട്ട് ജൂൺ അഞ്ചിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വിസ സ്റ്റാമ്പിങ്ങിനുള്ള പാസ്പോർട്ടുകൾ സമർപ്പിക്കാമെന്ന് എംബസി ഏജൻസികൾക്ക് അറിയിപ്പ് നൽകി. പുതിയ സർക്കുലർ അനുസരിച്ച് ഏജൻസികൾക്ക് ഡൽഹി എംബസിയിലും മുംബൈ കോൺസുലേറ്റിലും നേരിട്ട് പാസ്പോർട്ടുകൾ സമർപ്പിക്കാനാകും.
കോവിഡ് തുടങ്ങിയത് മുതൽ ഡൽഹി എംബസിയിൽ സാനിറ്റൈസേഷൻ, വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കിയായിരുന്നു പാസ്പോർട്ടുകൾ മുംബൈ സൗദി കോൺസുലേറ്റിലേക്കയച്ചിരുന്നത്.
എന്നാൽ, നിലവിൽ ഡൽഹി എംബസിയിലും മുംബൈ കോൺസുലേറ്റിലും പാസ്പോർട്ടുകൾ നേരിട്ട് സ്വീകരിക്കും. അതേസമയം, സന്ദർശക, ബിസിനസ്, ടൂറിസം വിസകൾ സ്റ്റാമ്പ് പതിക്കാൻ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമത്തിൽ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.