പ്രവാചക നിന്ദ: പ്രതിഷേധവുമായി റാബിത്വയടക്കം കൂടുതൽ അന്താരാഷ്​ട്ര സംഘടനകൾ

ജിദ്ദ: ബി.ജെ.പി വക്താവി​ന്റെ പ്രവാചക നിന്ദാപരമായ പ്രസ്​താവനയെ മുസ്​ലിം വേൾഡ്​ ലീഗ്​ (റാബിത്വ) ശക്തമായി അപലപിച്ചു. അടിയന്തിര പ്രസ്​താവനയിലാണ്​ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഈസ റാബിത്വയുടെ പ്രതിഷേധം അറിയിച്ചത്​. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് ഉൾപ്പെടെയുള്ള വിദ്വേഷം ഉണർത്തുന്ന രീതികളിലുള്ള പ്രസ്​താവനകൾ അപകടമാണെന്ന്​ അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ഇത്തരം അസംബന്ധമായ പ്രസ്​താവനകൾ മുസ്​ലിംകളെ അവരുടെ വിശ്വാസത്തിലും മൂല്യങ്ങളിലും ദൃഢരാക്കുകയേയുള്ളൂ. നിന്ദാപരമായ പരാമർശം നടത്തിയ ബി.ജെ.പി വക്താവിനെ തൽസ്ഥാനത്ത്​ നിന്ന്​ നീക്കുകയും ഏതെങ്കിലും മതത്തി​ന്റെ ഏതെങ്കിലും മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുകയാണെന്ന്​ ബി.ജെ.പി പ്രസ്​താവന നടത്തുകയും ചെയ്​തതിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.

ഇരുഹറം കാര്യാലയം പ്രതിഷേധിച്ചു

ജിദ്ദ: ബി.ജെ.പി വക്താവി​ന്റെ പ്രവാചക നിന്ദയെ ഇരുഹറം കാര്യാലയവും അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തി മതങ്ങളോടുള്ള ബഹുമാനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും ഇത്​ നടത്തുന്നവർ പ്രവാചക​ന്റെ ജീവചരിത്രം വായിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കാനും എല്ലാവരിലും സമാധാനം പ്രചരിപ്പിക്കാനും മതത്തിന്റെ ചിഹ്നങ്ങൾ ലംഘിക്കാതിരിക്കാനും ആഹ്വാനം ചെയ്യുന്നതാണ്​ സൗദിയുടെ നിലപാടെന്നും വ്യക്തമാക്കി.

ഗൾഫ്​ സഹകരണ കൗൺസിൽ

ജിദ്ദ: മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ പ്രസ്താവനകളെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി​ ഗൾഫിലെ അറബ്​​ രാജ്യങ്ങളുടെ സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ അൽഹജ്​റഫ്​ പറഞ്ഞു. ഇത്തരം പ്രകോപനത്തെയും വിശ്വാസങ്ങളെയും മതങ്ങളെയും ലക്ഷ്യംവെക്കുന്ന അല്ലെങ്കിൽ അവയെ താഴ്ത്തിക്കെട്ടുന്ന നിലപാടിനെ നിരസിക്കുന്നുവെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.

ഒ.​ഐ.സി

ജിദ്ദ: ഇന്ത്യ ഭരിക്കുന്ന പാർട്ടിയിലെ ഉത്തരവാദപ്പെട്ട ആൾ മുഹമ്മദ്​ നബിയെക്കുറിച്ച്​ നടത്തിയ അധിക്ഷേപങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന്​ ഓർഗനൈസേഷൻ ഓഫ് ഇസ്​ലാമിക് കോ-ഓപ്പറേഷൻ (ഒ.​ഐ.സി) വ്യക്തമാക്കി. ഇന്ത്യയിൽ ഇസ്‌ലാമിനോടുള്ള വിദ്വേഷവും ദുരുപയോഗവും വർധിച്ചുവരുന്ന പശ്ചാത്തലത്തിലും മുസ്‌ലിംകൾക്കെതിരെ വ്യവസ്ഥാപിത നടപടികളും വിവേചനപരമായ നിയന്ത്രണങ്ങളുമുണ്ടാകുന്ന സാഹചര്യത്തിലുമാണ് ഇത്തരം അധിക്ഷേപങ്ങൾ നടത്താൻ ചിലർക്ക്​ ധൈര്യം ലഭിക്കുന്നത്​.

ഈ അധിക്ഷേപങ്ങളെയും എല്ലാത്തരം അവഹേളനങ്ങളെയും ശക്തമായി നേരിടാൻ​ ഇന്ത്യാ ഗവൺമെൻറ്​ ഉചിതമായ നടപടി സ്വീകരിക്കണ​മെന്ന്​​ ഒ.ഐ.സി ആവശ്യപ്പെട്ടു​. മുസ്‌ലിംകൾക്കെതിരായ അക്രമത്തിനും വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പ്രേരിപ്പിക്കുന്നവരെയും കുറ്റവാളികളെയും അവർക്ക്​ പിന്നിലുള്ളവരെയും നിയമത്തിനു മുമ്പാകെ കൊണ്ടുവരികയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

ഇന്ത്യയിലെ മുസ്​ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും അവരുടെ അവകാശങ്ങൾ, മതപരവും സാംസ്കാരികവുമായ വ്യക്തിത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ ഭരണകൂടം ജാഗ്രത കാണിക്കണം. അന്താരാഷ്ട്ര സമൂഹത്തോട് പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ സംവിധാനങ്ങളോടും മനുഷ്യാവകാശ കൗൺസിലിനോടും ഇന്ത്യയിലെ മുസ്‌ലിംകളെ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെടുകയാണെന്നും ഒ.ഐ.സി വ്യക്തമാക്കി.

Tags:    
News Summary - Insult to the Prophet Muhammad: More and more international organizations protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.