റിയാദ്: ഭൂമിയെ ഭീഷണിപ്പെടുത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ എല്ലാ തലങ്ങളിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടന്ന് സൗദി അറേബ്യ. യു.എൻ ജനറൽ അസംബ്ലിയുടെ 79ാമത് സമ്മേളനത്തോടനുബന്ധിച്ച് മരുഭൂവത്കരണം തടയുന്നതിന് ന്യൂയോർക്ക് സിറ്റിയിൽ നടന്ന ‘ദി റോഡ് ടു റിയാദ്’ എന്ന ഉന്നതതല സെഷനിൽ സംസാരിക്കവേ സൗദി പരിസ്ഥിതി ജലം കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽ ഫദ്ലിയാണ് ഇക്കാര്യം പറഞ്ഞത്.
ഭൂമിയുടെ നാശവും വരൾച്ചയുടെ പ്രത്യാഘാതങ്ങളും കുറക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇരട്ടിപ്പിക്കുന്നതിനും ഭൂസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനും മന്ത്രി ആഹ്വാനം ചെയ്തു. ഡിസംബർ രണ്ട് മുതൽ 13 വരെ റിയാദിൽ സൗദി ആതിഥേയത്വം വഹിക്കുന്ന ‘കോപ് 16’ സമ്മേളനത്തിന് അന്താരാഷ്ട്ര ആക്കം കൂട്ടുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. റിയാദിൽ നടക്കുന്ന ‘കോപ് 16’ സമ്മേളന പരിപാടികളിലും പ്രവർത്തനങ്ങളിലും സജീവമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന് സൗദി അറേബ്യയുടെ ആഗ്രഹം മന്ത്രി അൽഫദ്ലി പ്രകടിപ്പിച്ചു.മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കൺവെൻഷന്റെ പാതയിൽ ഒരു വഴിത്തിരിവും വലിയ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ സംയുക്ത പ്രവർത്തനത്തിനുള്ള ഒരു പ്രധാന ആഗോള കുടയും ആകാൻ വേണ്ടിയാണിത്.
ഭൂമിയുടെ നശീകരണവും വരൾച്ചയുടെ പ്രത്യാഘാതങ്ങളും കുറക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. നാശത്തിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വരൾച്ചയുടെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും അന്താരാഷ്ട്ര ശ്രമങ്ങളും സംയുക്ത സഹകരണവും ഇരട്ടിയാക്കേണ്ടത് ഇതിന് ആവശ്യമാണെന്നും മന്ത്രി അൽഫദ്ലി പറഞ്ഞു. പ്രാദേശികമായും അന്തർദേശീയമായും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനുള്ള താൽപര്യത്തിന്റെ സ്വാഭാവിക വിപുലീകരണമായാണ് ‘കോപ് 16’ന് സൗദി ആതിഥേയത്വം വഹിക്കുന്നത്. റിയാദിൽ സമ്മേളനം നടത്തുക എന്നത് ഒരു സുപ്രധാന ചരിത്രസംഭവമാണ്. അതിലൂടെ, ഭൂസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിലും ഭൂമിയുടെ ശോഷണം കുറക്കുന്നതിലും നശിച്ച ഭൂമികളുടെ പുനരധിവാസത്തിലും അന്താരാഷ്ട്ര സമൂഹത്തിന് ഗുണപരമായ പരിവർത്തനം കൈവരിക്കാനും കഴിയും. വരൾച്ചയെ നേരിടാനുള്ള ശേഷി കെട്ടിപ്പടുക്കുന്നതിനും സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യും.
സമ്മേളനത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. രാജ്യം നിരവധി മികച്ച പാരിസ്ഥിതിക സംരംഭങ്ങൾ പ്രത്യേകിച്ച് ‘ഗ്രീൻ സൗദി അറേബ്യ’, ‘ഗ്രീൻ മിഡിലീസ്റ്റ്’ സംരംഭങ്ങൾ പോലുള്ളവ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിശോഷണം കുറക്കുന്നതിനുള്ള ആഗോള സംരംഭം ഇതിലുൾപ്പെടും. സൗദി അധ്യക്ഷത വഹിച്ചിരുന്ന കാലത്ത് ജി20 രാജ്യങ്ങൾ ഇത് അംഗീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ പൊതുവെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രത്യേകിച്ച് ഭൂമിയുടെ നാശവും മരുഭൂമിവത്കരണവും കുറക്കുന്നതിനും അതീവ പ്രാധാന്യം നൽകുന്നു.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിലും സുസ്ഥിരവികസനം കൈവരിക്കുന്നതിലും പരിസ്ഥിതി വഹിക്കുന്ന പ്രധാന പങ്ക് കണക്കിലെടുത്താണിത്. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണെന്നും മന്ത്രി അൽ ഫദ്ലി പറഞ്ഞു. വിദേശകാര്യ മന്ത്രിയും സൗദി പ്രതിനിധി സംഘത്തിന്റെ തലവനുമായ അമീർ ഫൈസൽ ബിൻ ഫർഹാന് പുറമെ യു.എസിലെ സൗദി അംബാസഡർ അമീർ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ സ്റ്റേറ്റ് മന്ത്രിയും യു.എന്നിലെ കാലാവസ്ഥാകാര്യ ദൂതനുമായ ആദിൽ അൽജുബൈർ, യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസിൽ, മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള യു.എൻ കൺവെൻഷൻ എക്സിക്യൂട്ടിവ് സെക്രട്ടറി ഡോ. ഇബ്രാഹിം തിയാവ് എന്നിവർ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.