ദമ്മാം: ആറാമത് സൗദി അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ ഒന്നു മുതൽ ആറുവരെ നടക്കാനിരിക്കെ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. സൗദി സാംസ്കാരിക മന്ത്രാലയത്തിലെ ഫിലിം അതോറിറ്റിയുടെ സഹായത്തോടെ കിങ് അബ്ദുല്‍ അസീസ് സെൻറര്‍ ഫോര്‍ വേള്‍ഡ് കള്‍ചര്‍ സെൻററും (ഇത്റ) കൾചറൽ ആർട്സ് സെവൻ അസോസിയേഷനും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സൗദിയിലും പുറത്തുമുള്ള സിനിമാമേഖലയിലെ പ്രതിഭകൾ അടങ്ങുന്ന സമിതിയായിരിക്കും മേളയിൽ വിധികർത്താക്കളാകുന്നത്.
ഇവരുടെ പേരുവിവരങ്ങൾ സംഘാടകർ പുറത്തുവിട്ടു. ഫീച്ചർ ഫിലിം മത്സരവിഭാഗത്തിൽ സൗദിയിലെ പ്രശസ്ത നടനും എഴുത്തുകാരനുമായ ഇബ്രാഹിം അൽഹസാവി ചെയർമാനായ ജൂറിയായിരിക്കും വിധി നിർണയിക്കുക. പ്രശസ്ത നടനും ഡെന്മാർക്ക് പൗരനുമായ റാസ്മസ് ബ്രൻഡസ്തബ്, ലബനോൻ സംവിധായകൻ ഖൗലയ്ത്ത് നൗഫൽ എന്നിവരും ജൂറിയിലുൾപ്പെടും. ഡോക്യുമെൻററി വിഭാഗത്തിൽ സ്വിറ്റ്സർലൻഡിൽനിന്നുള്ള പ്രശസ്ത നടൻ ഫിലിപ്പ് കോർസി, സൗദിയിലെ ജനകീയ നടൻ അലി അൽസമീൻ, ഇറാഖിലെ ചലച്ചിത്രകാരൻ ഇർഫാൻ റഷീദ് എന്നിവർ വിധികർത്താക്കളാകും.
കുട്ടികളുടെ ചലച്ചിത്ര വിഭാഗത്തിൽ സൗദി സംവിധായക ഹന അൽഉമൈർ, യു.എ.ഇയിൽനിന്നുള്ള ആദിൽ ഖസാം, സ്വിറ്റ്സർലൻഡ് ചലച്ചിത്രകാരനായ ഫ്രാൻസീൻ ഫെർത് എന്നിവർ വിധി നിർണയിക്കും. മേളയിലെ ഏറ്റവും ശ്രദ്ധേയമായ 'മായാത്ത കാഴ്ചകൾ' എന്ന വിഭാഗത്തിൽ സൗദി എഴുത്തുകാരനും തിരക്കഥാകൃത്തുമായ മഫ്റജ് അൽമുജ്ഫൻ, എഴുത്തുകാരൻ അബ്ദുല്ല സഫർ, ഇൗജിപ്ത് എഴുത്തുകാരൻ വഹീദ് അൽത്വവൈല എന്നിവർ വിധികർത്താക്കളാകും. മേളയുടെ ഭാഗമായി രണ്ട് ശിൽപശാലകളും സെമിനാറുകളും നടക്കും. 'കഥയിലേക്കുള്ള വഴി' എന്ന വിഷയത്തിൽ നടക്കുന്ന ശിൽപശാലയിൽ ഹ്രസ്വചിത്രങ്ങളുടെ കഥ തിരഞ്ഞെടുക്കുന്ന രീതിയും തിരക്കഥയായി രൂപാന്തരെപ്പടുന്ന വഴികളും ചർച്ചചെയ്യും.
ഒപ്പം ക്യാമ്പിൽ വെച്ചുതന്നെ കഥയെഴുതി ചിത്രം നിർമിക്കുന്നതിനുള്ള അവസരങ്ങളും ഒരുക്കും. പ്രശസ്ത സിനിമാ പ്രവർത്തകൻ മിച്ചൽ ക്യൂമിൻ ആണ് ക്യാമ്പ് നയിക്കുന്നത്. തുടർന്ന് സിനിമ സംഗീതം എന്ന വിഷയത്തിൽ സെമിനാറും ശിൽപശാലയും നടക്കും. പ്രശസ്ത സംഗീത സംവിധായകൻ ഗിയ അൽറഷീദത്ത് ശിൽപശാല നയിക്കും.
സൗദി അറേബ്യയിലെ സിനിമാ സംസ്കാരത്തെയും ആസ്വാദന നിലവാരത്തെയും പുഷ്ടിെപ്പടുത്തുകയും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന യുവസമൂഹത്തിെൻറ ആത്മവിശ്വാസം വർധിപ്പിച്ച് കൂടുതൽ നിലവാരമുള്ള സൃഷ്ടികൾ രുപപ്പെടുത്തുന്നതിന് പാകമാക്കുക എന്ന ലക്ഷ്യമാണ് ചലച്ചിത്രമേള മുന്നോട്ട് വെക്കുന്നതെന്ന് മേളയുടെ സൂത്രധാരൻ അഹമ്മദ് അൽമുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.