ദമ്മാം: ബാങ്കിങ് സേവന ഇടപാടുകളിൽ സഹായിക്കാനെന്ന വ്യാജേനയെത്തുന്ന ഇൻറർനെറ്റ് കാളുകളിൽ കുടുങ്ങി പലർക്കും പണം നഷ്ടപ്പെടുന്നത് തുടർക്കഥയാകുന്നു. മാധ്യമങ്ങൾ നിരന്തരം ബോധവത്കരിച്ചിട്ടും ശ്രദ്ധിക്കാത്തവരാണ് ഇത്തരം കെണികളിൽ കുടുങ്ങുന്നവരിൽ അധികവും. വിശ്വാസം നേടുന്ന സംസാരരീതിയിലൂടെയാണ് ഇവർ ഇരകളെ വീഴ്ത്തുന്നത്.
ഇൻറർനെറ്റ് കാളുകൾ മുതൽ മറ്റുള്ളവരുടെ ഐഡികൾ ദുരുപയോഗം ചെയ്ത് എടുക്കുന്ന വ്യാജ സിമ്മുകൾ വരെ ഇതിന് ഉപയോഗിക്കുന്നു. ഇൻറർനെറ്റ് കാളുകളിൽ ബാങ്കുകളുടെ ലോഗോ സഹിതം പ്രൊഫൈൽ ചിത്രമായി ചേർത്താണ് ഇവർ ഇരകളുടെ വിശ്വാസം നേടുന്നത്. ദമ്മാമിലെ പ്രമുഖ മെഡിക്കൽ സെൻററിലെ മലയാളി വനിത ഡോക്ടർക്ക് നഷ്ടമായത് 15,000 റിയാലാണ്.
ഉന്നത ഇടപെടലുകൾവരെ നടത്തിയിട്ടും തിരിച്ചെടുക്കാൻ കഴിയാത്തത്ര ആസൂത്രിതമായിട്ടായിരുന്നു തട്ടിപ്പ്. ഡോക്ടർക്ക് അക്കൗണ്ടുള്ള ബാങ്കിൽ നിശ്ചിത കാലയളവിൽ പണം സൂക്ഷിച്ച ഉപഭോക്താക്കൾക്കായി നടത്തിയ നറുക്കെടുപ്പിൽ ഒരു ലക്ഷം റിയാലിെൻറ സമ്മാനം ലഭിച്ചുവെന്ന അറിയിപ്പോടെയായിരുന്നു തട്ടിപ്പിെൻറ തുടക്കം.
ഈ പണം അക്കൗണ്ടിലേക്ക് മാറ്റാൻ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചപ്പോൾ സമ്മാനം കിട്ടിയ ആഹ്ലാദത്തിൽ ഡോക്ടർ മറ്റൊന്നും ആലോചിക്കാതെ അത് നൽകി. പിന്നീട് മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പറും പറഞ്ഞുകൊടുത്തു. നിമിഷങ്ങൾക്കകം മൂന്നു തവണയായി 15,000 റിയാൽ നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പ് ഡോക്ടർക്ക് മനസ്സിലായത്.
ഉടൻ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ റിയാദിലെ പ്രമുഖ മാളിൽ ഡോക്ടറുടെ എ.ടി.എം കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങിയതായി മനസ്സിലായി. അപ്പോഴേക്കും തട്ടിപ്പുകാർ സാധനങ്ങളുമായി സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. തുടർന്നുള്ള പരാതിയിൽ ഈ പണം ട്രാൻസ്ഫർ ചെയ്യാതെ ബാങ്ക് പിടിച്ചുവെച്ചുവെങ്കിലും ഇത്തരം തട്ടിപ്പുകൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും തങ്ങളുടെ പണം തങ്ങൾക്ക് കിട്ടണമെന്നുമുള്ള മാൾ മാനേജ്മെൻറിെൻറ വാദം അംഗീകരിച്ച് ബാങ്കിന് പണം നൽകേണ്ടിവന്നു.
ചുരുക്കത്തിൽ, ഇത്തരം തട്ടിപ്പുകൾക്ക് വിധേയമായാൽ നമ്മൾ മാത്രമായിരിക്കും അതിന് ഉത്തരവാദി എന്ന പാഠംകൂടിയാണ് ഡോക്ടറുടെ അനുഭവം. നമ്മുടെ അറിവില്ലായ്മക്കും അശ്രദ്ധക്കുമുള്ള ശിക്ഷയായിരിക്കും അത്. ഇവർ ഉപയോഗിക്കുന്ന വ്യാജ സിമ്മുകൾ കാരണം വേരുകൾ അന്വേഷിച്ചെത്തുേമ്പാൾ കുടുങ്ങുന്നത് നിരപരാധികളായിരിക്കും. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങിയവരുടെ പരാതികൾ നിത്യവും വർധിച്ചുവരുന്നതായി സൗദിയിലെ പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ഇത്തരം തട്ടിപ്പുകളെ നേരിടാൻ പ്രത്യേക അന്വേഷണ സെൽ രൂപപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.