റിയാദിൽ അടഞ്ഞു കിടക്കുന്ന ഇറാനിയൻ എംബസി

റിയാദ്: സൗദി അറേബ്യയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കൻആനി. റിയാദിലെ എംബസി, ജിദ്ദ കോൺസുലേറ്റ് എന്നിവ കൂടാതെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) കാര്യാലയത്തിലെ ഇറാൻ ഓഫിസ് എന്നിവ ചൊവ്വ, ബുധൻ ദിവസങ്ങളിലായി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2016ൽ വിച്ഛേദിച്ച സൗദി, ഇറാൻ നയതന്ത്ര ബന്ധം ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. നയതന്ത്ര വിദഗ്‌ധനും നേരത്തെ കുവൈത്തിൽ ഇറാൻ അംബാസഡറുമായിരുന്ന അലിറേസ ഇനായത്തിയാണ് സൗദിയിലെ പുതിയ ഇറാൻ അംബാസഡർ. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പൂർവകാല കരാറുകൾ നടപ്പാക്കുന്നതിനുമുള്ള ചർച്ചകൾ ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഇതിനകം നടത്തിയിട്ടുണ്ട്. സൗദി, ഇറാൻ ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ശുഭലക്ഷണങ്ങൾ മധ്യ പൂർവ മേഖലയിലെങ്ങും പ്രകടമാണ്.

ആഭ്യന്തര യുദ്ധത്തെ ക്രൂരമായി നേരിട്ടതിന്റെ പേരിൽ മേഖലയിൽ ഒറ്റപ്പെട്ടുപോവുകയും അറബ് രാഷ്ട്ര സഖ്യത്തിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ബശ്ശാറുൽ അസദിന്റെ സിറിയക്ക് അറബ് ലീഗിലേക്ക് പുനഃപ്രവേശം സാധ്യമായതും യമൻ പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുന്നതുമെല്ലാം സൗദി ഇറാൻ മഞ്ഞുരുക്കത്തിന്റെ ഫലങ്ങളാണ്. മുന്നോട്ടുള്ള നടപടികൾ മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും ഗുണകരമാകുമെന്നാണ് പൊതു വിലയിരുത്തൽ.

Tags:    
News Summary - Iranian diplomatic offices in Saudi Arabia will open this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.