റിയാദ്: അടുത്ത വർഷം നടക്കുന്ന ആദ്യത്തെ ഇ-സ്പോർട്സ് ഒളിമ്പിക്സിന് സൗദി അറേബ്യ വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ജനറൽ അസംബ്ലിയിൽ അംഗങ്ങൾ ഐകകണ്ഠ്യേനയാണ് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ഡോ. തോമസ് ബാച്ചിന്റഎ അധ്യക്ഷതയിൽ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ചൊവ്വാഴ്ച വൈകിട്ടാണ് ഒളിമ്പിക് കമ്മിറ്റിയുടെ 142ാമത് സെഷൻ നടന്നത്.
കായിക മന്ത്രിയും സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി യോഗത്തിൽ സൗദി അറേബ്യയുടെ സന്നദ്ധത അറിയിച്ചു. ‘സൗദി വിഷൻ 2030’ ആരംഭിച്ചതിന് ശേഷം നൂറിലധികം അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി യോഗ്യത നേടിയെന്നും ഈ രംഗത്ത് രാജ്യം ആർജിച്ച കഴിവുകളും കായിക മന്ത്രി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ കായികരംഗം വഹിക്കുന്ന പ്രധാനപങ്കുകളെക്കുറിച്ചും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗമായ അമീറ റീമ ബിൻത് ബന്ദറും സെഷനിൽ വിശദീകരിച്ചു.
ഇലക്ട്രോണിക് ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തെ യോഗം പ്രശംസിച്ചു. ഇ-സ്പോർട്സ് ഒളിമ്പിക്സിന് ഏറ്റവും മികച്ച വേദിയാണ് സൗദിയെന്ന് ഒളിമ്പിക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയുടെയും തുടർനടപടികളുടെയും ഫലമാണ് ഇൗ നേട്ടമെന്ന് സൗദി കായിക മന്ത്രി പറഞ്ഞു. ആ പിന്തുണ പ്രധാന അന്താരാഷ്ട്ര ഇവൻറുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ മുന്നോട്ട് പോകാനും സൗദി അറേബ്യ ലോകം മുഴുവൻ സാക്ഷ്യം വഹിക്കുന്ന കായിക വിനോദങ്ങളുടെ ഭവനമായി മാറിയെന്ന് സ്ഥിരീകരിക്കാനും ഞങ്ങളെ പ്രാപ്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോർട്സ്, വിനോദം എന്നിവയിലൂടെ സമഗ്രമായ സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2030’നെ ഉൾക്കൊള്ളുന്നതാണ്.
വിവിധ ഇലക്ട്രോണിക് ഗെയിമുകളിൽ മത്സരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നതായിരിക്കും 2025 ഇ-സ്പോർട്സ് ഒളിമ്പിക്സ്. ഈ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനത്വങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും ഈ അന്താരാഷ്ട്ര ഇവൻറ്.
ഇ-സ്പോർട്സിന്റെ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ഇവൻറ് സഹായിക്കും. കായികരംഗത്തെ നിരവധി പ്രമുഖർ സൗദിയുടെ ഇൗ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര രംഗത്ത് സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും ഇ-സ്പോർട്സ് മേഖലയിലെ യുവാക്കളുടെ അഭിലാഷങ്ങളെ പിന്തുണക്കുന്നതിലും ഇവന്റിന്റെ പ്രധാന്യം അവർ ഊന്നിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.