റിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സോക്കർ -24 സീസൺ 2’ ഫുട്ബാൾ ടൂർണമെൻറ് നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ലിപിൻ പശുപതി ആമുഖ പ്രസംഗം നടത്തി. ഏരിയ പ്രസിഡൻറ് ഷെബി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ട്രഷറർ ടി.ജി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ടൂർണമെൻറ് നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു.
ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം ഫുട്ബാൾ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. 16 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരം നാല് ആഴ്ച നീണ്ടുനിൽക്കും. സെപ്റ്റംബർ 19ന് തുടങ്ങി ഒക്ടോബർ 10 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലായി നടക്കുന്ന ടൂർണമെൻറിൽ ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുക. അൽഖർജ് യമാമ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. സീസൺ ഒന്നിൽ ഏകദിനമായായിരുന്നു മത്സരം നടത്തിയത്.
അബ്ദുൽ കലാം (ചെയർ.), റാഷിദ് അലി ചെമ്മാട് (കൺ.), മുക്താർ, മൻസൂർ ഉമർ (വൈ. ചെയർ.), അബ്ദുൽ സമദ്, വേണുഗോപാൽ (ജോ. കൺ.), ജയൻ പെരുനാട് (സാമ്പത്തിക കമ്മിറ്റി കൺവീനർ) എന്നിവരാണ് 51 അംഗ സംഘാടകസമിതി ഭാരവാഹികൾ.
കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനുമായി റാഷിദ് അലി ചെമ്മാട് (0559029228), അബ്ദുൽ കലാം (താടിക്കാരൻ, 0537233343) എന്നിവരെ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
ഏരിയ സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ സ്വാഗതവും സംഘാടകസമിതി കൺവീനർ റാഷിദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.