ലണ്ടൻ: ആസ്റ്റൺ വില്ലയുടെ ഫ്രഞ്ച് വിങ്ങർ മൂസ ദിയാബി സൗദി അറേബ്യൻ ലീഗിലെ പ്രബല ടീമായ അൽ ഇത്തിഹാദിലേക്ക് കൂടുമാറി. കഴിഞ്ഞ വർഷം ജൂലൈയിൽ ജർമനിയിലെ ബയേർ ലെവർകുസനിൽനിന്ന് 5.2 കോടി പൗണ്ടിന് വില്ലയിലെത്തിയ ദിയാബി ക്ലബുമായി അഞ്ചുവർഷത്തെ കരാർ ഏർപ്പെട്ടിരുന്നു.
വില്ലക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 54 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ദിയാബി പത്തു ഗോളുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയതിന്റെ പിന്നാലെയാണ് ദിയാബി ക്ലബ് വിടുന്നത്. ‘വില്ല ആരാധകർക്ക് നന്ദി. ഇത് വിടപറയാനുള്ള സമയമാണ്’ -താരം ‘എക്സി’ൽ കുറിച്ചു.
‘ക്ലബിനും ടീമിനും വേണ്ടി എന്റെ കഴിവിന്റെ പരമാവധി മികവ് ഞാൻ പുറത്തെടുത്തിട്ടുണ്ട്. നമ്മൾ ഒരുമിച്ചുനേടിയ മഹത്തായ മുഹൂർത്തങ്ങൾ എക്കാലവും എന്റെ ഓർമകളിലുണ്ടാവും. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും നിമിഷങ്ങൾ നിറഞ്ഞ ഗംഭീരമായ സീസണാണ് കഴിഞ്ഞുപോയത്’ -ദിയാബി ചൂണ്ടിക്കാട്ടി.
പുതുസീസണിന് മുന്നോടിയായി ആസ്റ്റൺ വില്ല തങ്ങളുടെ ടീമിനെ പുനഃസംഘടിപ്പിക്കുകയാണ്. അഞ്ചു കോടി പൗണ്ടിന് മിഡ്ഫീൽഡർ അമാദു ഒനാന എവർട്ടണിൽനിന്ന് വില്ലയിലെത്തി. 4.3 കോടി പൗണ്ടിന് മിഡ്ഫീൽഡർ ഡഗ്ലസ് ലൂയിസിനെ യുവന്റസിന് കൈമാറിയിട്ടുണ്ട്. പകരം യുവന്റസിൽനിന്ന് സാമുവൽ ഇലിങ് ജൂനിയർ, എൻസോ ബാരൻചിയ എന്നിവരുമായി കരാർ ഒപ്പിട്ടു. ചെൽസിയിൽനിന്ന് 3.5 കോടി പൗണ്ടിന് ലെഫ്റ്റ് ബാക്ക് ഇയാൻ മാറ്റ്സണെയും ടീമിലെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.