ഏഴ് വർഷത്തിന് ശേഷം റിയാദിലെ ഇറാൻ എംബസി വീണ്ടും തുറന്നു

റിയാദ്: ഏഴ് വർഷത്തിന് ശേഷം റിയാദിലെ ഇറാനിയൻ എംബസി വീണ്ടും തുറന്നു. 2016ൽ വിച്ഛേദിക്കപ്പെട്ട സൗദി-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് ചൊവ്വാഴ്ച എംബസി തുറന്നത്. ഇതിന് മുന്നോടിയായി എംബസി കെട്ടിടത്തിന് മുകളിലും അങ്കണത്തിലും ഇറാന്റെ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തത് 'അൽ അറബിയ'യുടെ സഹോദര ചാനലായ അൽ-ഹദഥ് ടി.വി തത്സമയം സംപ്രേഷണം ചെയ്തു.

റിയാദിലെ ഇറാനിയൻ എംബസി വീണ്ടും തുറക്കുന്ന ചടങ്ങിൽ നിന്ന്

ശിയ പുരോഹിതനായ നിമർ ബാകിർ അൽ-നിമർ ദേശവിരുദ്ധ പ്രവർത്തനത്തിന് 2016ൽ സൗദിയിൽ വധശിക്ഷക്ക് വിധേയനാക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇരു രാജ്യങ്ങളെയും രണ്ട് ധ്രുവങ്ങളിലാക്കിയത്. ശിയ പുരോഹിതന്റെ വധശിക്ഷക്ക് പിന്നാലെ തെഹ്റാനിലെ സൗദി എംബസിയും മശ്ഹദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതോടെ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടു.

ഈ വർഷം മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ നടന്ന ചർച്ചക്കൊടുവിൽ ഒപ്പുവെച്ച ത്രികക്ഷി കരാറിനെ തുടർന്നാണ് നയതന്ത്ര ബന്ധം പുനരാരംഭിച്ചതും ഇരു രാജ്യത്തും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കാൻ തീരുമാനിച്ചതും. ഗൾഫ് കാര്യങ്ങളിൽ വിപുലമായ അനുഭവ പരിചയമുള്ള മുതിർന്ന നയതന്ത്രജ്ഞനും കുവൈത്തിലെ മുൻ ഇറാനിയൻ സ്ഥാനപതിയുമായിരുന്ന അലിറേസ ഇനായത്തിയാണ് ഇറാന്റെ പുതിയ സൗദി അംബാസഡർ. അംബാസഡർ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് കാര്യ ഓഫിസിലെ ഡയറക്ടർ ജനറലായിരുന്നു അദ്ദേഹം.

റിയാദ് എംബസി വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ ഉപമന്ത്രി അലിറേസ ബിഗ്‌ദേലി ദേശീയ പതാക ഉയർത്തി. ശേഷം നടന്ന ചടങ്ങിൽ ഇറാനും സൗദിയും തമ്മിലുള്ള സഹകരണം പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. "ദൈവം ഇച്ഛിച്ചാൽ സ്ഥിരതയും സമൃദ്ധിയും പുരോഗതിയും കൈവരിക്കുന്നതിലേക്കും ഒത്തൊരുമയിലേക്കും ഇത് നയിക്കും" അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സൗദി വിദേശകാര്യ മന്ത്രാലയം കോൺസുലർ വിഭാഗം ഡയറക്ടർ സഊദ് അൽ യൂസുഫ്, റിയാദ് ഇറാനിയൻ എംബസി കോൺസുലർ അഫയേഴ്‌സ് ഇൻ ചാർജ് ഹസൻ സർനെഗർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ജിദ്ദയിൽ ഇറാൻ കോൺസുലേറ്റ് ബുധനാഴ്ച തുറക്കും. തെഹ്റാനിലെ തങ്ങളുടെ എംബസിയും മശ്ഹദിലെ കോൺസുലേറ്റും എപ്പോഴാണ് തുറക്കുകയെന്ന് സൗദി വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - Iran's embassy in Riyadh reopens after seven years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.