ജിദ്ദ: ഇരുഹറം കാര്യാലത്തിനുകീഴിലെ ഹജ്ജ് പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പദ്ധതി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് പ്രഖ്യാപിച്ചത്. വിഷൻ 2030 അടിസ്ഥാനമാക്കിയും അതിന്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമാണ് ഒരോ പദ്ധതികളും.
ഭരണകൂടം ഇരുഹറമുകളെ സംരക്ഷിക്കുന്നതിനും അവിടെയെത്തുന്നവർക്ക് മികച്ച സേവനം നൽകുന്നതിനും സുരക്ഷക്കും കാണിക്കുന്ന താൽപര്യവും ശ്രദ്ധയും ഇരുഹറം കാര്യാലയ മേധാവി തന്റെ പ്രഖ്യാപന പ്രസംഗത്തിൽ സൂചിപ്പിച്ചു. കോവിഡ് അവസാനിച്ച് ദശലക്ഷക്കണക്കിന് തീർഥാടകർ ഹജ്ജിനെത്തുന്ന ഈ വർഷത്തെ ഹജ്ജ് പ്രവർത്തന പദ്ധതി ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്. കഴിഞ്ഞ സീസണുകളിൽ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തെ തയാറെടുപ്പിന്റെയും ആസൂത്രണത്തിന്റെയും ഉത്സാഹപൂർവമായ പഠനങ്ങളുടെയും ഫലമാണ്. മക്ക, മദീന ഗവർണറേറ്റ്, മറ്റ് സ്ഥാപനങ്ങളും വിവിധ ഏജൻസികളുമായി സഹകരിച്ചാണ് ഇത് തയാറാക്കിയതെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. സന്നദ്ധസേവനവും മാനുഷികവുമായ പ്രവർത്തനങ്ങൾക്കും ഈ വർഷത്തെ പദ്ധതിയിൽ വലിയ പരിഗണന നൽകിയിട്ടുണ്ട്. പുറത്തെ മുറ്റങ്ങൾ, നമസ്കാര സ്ഥലങ്ങൾ, മത്വാഫ്, റുവാഖ് സൗദി, മസ്അ, റൗദാശരീഫ്, ഹറം ലൈബ്രറി, കിസ് വ കേന്ദ്രം, കാര്യാലയത്തിനുകീഴിലെ താൽക്കാലികവും സ്ഥിരവുമായ പ്രദർശനങ്ങൾ, ഓഫിസുകൾ എന്നിങ്ങനെ തീർഥാടകരെത്തുന്ന എല്ലാ സ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരുടെ വരവ് തുടങ്ങിയതോടെ അവരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹറമിനകത്തും പുറത്തും മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
185 ബോധവത്കരണ പരിപാടികളാണ് ഈ വർഷത്തെ ഹജ്ജ് സീസണിൽ ഇരുഹറമുകളിൽ നടപ്പിലാക്കാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ സേവനത്തിനായി ഉപയോഗപ്പെടുത്തുക, പ്രോഗ്രാമുകൾ ഡിജിറ്റൈസ് ചെയ്യുക, വിവിധ മേഖലകളിൽ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇരുഹറമുകളിലും സേവനത്തിന് മൊത്തം പുരുഷന്മാരും സ്ത്രീകളുമായി 14,000 പേരുണ്ടാകും. ഇരുഹറം ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണമാണിത്. നാല് ഷിഫ്റ്റുകളിലായാണ് ഇവർ സേവനത്തിനുണ്ടാവുക. പത്ത് സന്നദ്ധ ഫീൽഡുകളിലായി 8000ത്തിലധികം അവസരങ്ങളുണ്ടാകും. പ്രായമായവരെയും ഭിന്നശേഷിക്കാരെയും സേവിക്കാൻ പ്രത്യേക പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.
9000 ഉന്തുവണ്ടികളുണ്ടാകും. പ്രത്യേക ആപ്ലിക്കേഷനിലൂടെ ഇത് ബുക്ക് ചെയ്യാം. ഇരുഹറമുകളിലും മൂന്നുലക്ഷം ഖുർആൻ കോപ്പികൾ ഒരുക്കും. കഴിവുറ്റ പണ്ഡിതന്മാരുടെ പഠന ക്ലാസുകളുണ്ടായിരിക്കും. ‘മനാറ അൽഹറമൈൻ’ പ്ലാറ്റ്ഫോം വഴി ഇവ മുഴുസമയം പ്രക്ഷേപണം ചെയ്യും. 51 അന്താരാഷ്ട്ര ഭാഷകളിൽ ആളുകളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിന് ഹറമുകളുടെ വിവിധ ഭാഗങ്ങളിലായി 49 കൗണ്ടറുകളുണ്ടാകും. 40 ദശലക്ഷം ലിറ്റർ സംസം വെള്ളം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. 14ൽ അധികം ഇലക്ട്രോണിക് സേവനങ്ങൾ തയാറാക്കിയിട്ടുണ്ട്. തീർഥാടകരുമായി ആശയവിനിമയം നടത്താൻ സമൂഹ മാധ്യമ സൈറ്റുകൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.