റിയാദ്: ഫലസ്തീനോടുള്ള ഇസ്രായേലിന്റെ ബാധ്യതകളെക്കുറിച്ച യു.എൻ പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇസ്രായേലിന്റെ ബാധ്യതകളെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്ന് ഉപദേശക അഭിപ്രായം അഭ്യർഥിച്ചുകൊണ്ട് സൗദി, നിരവധി രാജ്യങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ നോർവേയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അംഗീകരിച്ച ഐക്യരാഷ്ട്ര പൊതു സഭയെ സൗദി സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഫലസ്തീനികൾക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെയും മറ്റ് രാജ്യങ്ങളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ ബാധ്യതകളെ സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്ന് ഒരു ഉപദേശക അഭിപ്രായം അഭ്യർഥിക്കുന്നതാണ് പ്രമേയം.
ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതത്തിന്റെയും ആക്രമണത്തിന്റെയും വെളിച്ചത്തിൽ അവരെ പിന്തുണക്കാനും സഹായിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രമേയമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സ്വയംനിർണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമവായം വ്യക്തമാക്കുന്നതാണിത്.
പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യങ്ങളുടെ അനുകൂല നിലപാടിനെ സൗദി അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.