ജിദ്ദ: ഇന്ത്യ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നത് കേവലമൊരു വാക് പ്രയോഗമല്ലെന്നും കയ്പേറിയ യാഥാർഥ്യമാണെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡൻറും കൽപറ്റ എം.എൽ.എയുമായ ടി. സിദ്ദീഖ് പറഞ്ഞു. ഇത് നമ്മൾ ഓരോരുത്തരും തിരിച്ചറിയണമെന്നും ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റെ വിപ്ലവകരമായ സാമൂഹികമാറ്റത്തിന് തുടക്കംകുറിച്ചത് കോൺഗ്രസാണ്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി കെ.പി.സി.സി ദേശീയപ്രാധാന്യത്തോടുകൂടിയാണ് ആഘോഷിച്ചത്. രാജ്യത്തെ മുഴുവൻ സാമൂഹിക നവോത്ഥാനത്തിനും കരുത്തേകിയത് കോൺഗ്രസ് പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കാലങ്ങളിൽ പ്രസ്ഥാനം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് കുറഞ്ഞപക്ഷം കോൺഗ്രസ് പ്രവർത്തകരെങ്കിലും ബോധവാന്മാരാകേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിച്ച ജനശ്രീ മിഷൻ മലപ്പുറം ജില്ല ചെയർമാനും ഐ.എൻ.ടി.യു.സി ജില്ല കോഓഡിനേറ്ററും കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായ അബ്ദുൽ അലി മാസ്റ്റർ പറഞ്ഞു.
ചടങ്ങിൽ പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, ഗ്ലോബൽ അംഗം അബ്ബാസ് ചെമ്പൻ എന്നിവർ സംസാരിച്ചു. റീജനൽ കമ്മിറ്റിക്കുവേണ്ടി ഗ്ലോബൽ അംഗം അലി തേക്കുതോട് ബൊക്കെ നൽകി എം.എൽ.എയെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ ഷാൾ അണിയിച്ചു. പത്തനംതിട്ട ജില്ല പ്രസിഡൻറ് അനിൽകുമാറും കണ്ണൂർ കമ്മിറ്റി പ്രസിഡൻറ് ഇൻ ചാർജ് റഫീഖ് മൂസയും ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.