യാംബു: ഞായറാഴ്ച മുതൽ അടുത്ത ശനിയാഴ്ചവരെ സൗദിയിൽ ചില ഭാഗങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് പ്രവിശ്യയിലും കിഴക്കൻ പ്രവിശ്യയിലും മദീനയിലും വരും ദിവസങ്ങളിൽ 46 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന് കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിനങ്ങളിൽ ഉഷ്‌ണത്തോടൊപ്പം ഈ മേഖലകളിൽ പൊടിക്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയിലും റിയാദിന്റെ കിഴക്കൻ മേഖലയിലും മദീനക്കും യാംബുവിനും ഇടയിലുള്ള പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രകടമായേക്കും. ഉച്ചക്ക് 12 നും മൂന്നിനും ഇടയിലായിരിക്കും കനത്ത ചൂട് അനുഭവപ്പെടുക. ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. ചൂട് മൂലമുള്ള ആരോഗ്യ്രപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആളുകളോട് നിർദേശിച്ചു.
ചൂട് കാലത്ത് വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ജാഗ്രത കൈക്കൊള്ളാൻ ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണകാലത്ത് അപകട സാധ്യതകൾ ഉണ്ടാവാൻ ഇടയാക്കുന്ന ഗ്യാസ് ബോട്ടിലുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ലൈറ്ററുകൾ, കംപ്രസ് ചെയ്ത പാക്കേജുകൾ, സുഗന്ധം എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. ഉയർന്ന താപനിലയുള്ള കാലാവസ്ഥയിൽ ഇത്തരം വസ്തുക്കൾ വേഗം തീ പിടിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.
തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അകത്തുവെച്ച് വാഹനങ്ങൾ വെയിലിൽ നിർത്തിയിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് കൂടിയ സന്ദർഭങ്ങളിൽ സൂര്യാഘാതം സംഭവിക്കാനുള്ള സാധ്യതകളെ കുറിച്ചും മുന്നറിയിപ്പുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് ചൂട് കഠിനമാകുന്ന ഉച്ചസമയത്ത് നിർബന്ധമായും വിശ്രമം അനുവദിക്കാൻ തൊഴിൽ മന്ത്രാലയം നേരത്തേ നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരും മറ്റിടങ്ങളിൽ ജോലിയിൽ മുഴുകുന്നവരും ധാരാളമായി വെള്ളം കുടിച്ച് നിർജലീകരണ സാധ്യത ഇല്ലാതാക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധരും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.