റിയാദ്: രാജ്യത്തേക്ക് വിദേശികളുടെ ആശ്രിതരായി എത്തുന്നവരുടെ സന്ദർശന വിസയുടെ കാലാവധി ഓൺലൈനായി പുതുക്കാൻ കഴിയാത്തവർക്ക് പരിഹാരം നിർദേശിച്ച് സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'അബഷിർ' വഴി വിസാകാലാവധി ദീർഘിപ്പിക്കാൻ പ്രശ്‌നങ്ങൾ നേടിരുന്നവർക്ക് അതെ പ്ലാറ്റ്‌ഫോമിലെ തന്നെ 'തവാസുൽ' സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിർദേശിച്ചു.
ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കാൻ പ്രശ്‌നങ്ങൾ നേരിട്ട് തവാസുൽ സേവനം വഴി ബന്ധപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ജവാസത്ത് അറിയിച്ചു. അബ്ഷിർ വഴി ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പരാതിപ്പെട്ടിരുന്നു. അബ്ഷിർ വഴി പലതവണ ശ്രമിച്ചിട്ടും ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കാൻ സാധിച്ചില്ലെന്ന് ഇവർ പരാതിപ്പെട്ടു. വ്യക്തമായ കാരണമില്ലാതെയാണ് വിസ ദീർഘിപ്പിക്കാൻ സാധിക്കാത്തതെന്നും ഇവർ പറഞ്ഞു.
ഫാമിലി സന്ദർശന വിസ ദീർഘിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കി തവാസുൽ സേവനം വഴി ജവാസാത്ത് ഡയറക്ടറേറ്റിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടതെന്ന് ജവാസത്ത് പറഞ്ഞു. അബ്ഷിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്‌ഫോമിലെ തങ്ങളുടെ അക്കൗണ്ടിൽ പ്രവേശിച്ച് യഥാക്രമം സർവിസ്, മൈ സർവിസസ്, പാസ്പോർട്സ്, തവാസുൽ എന്നിവ ക്ലിക്ക് ചെയ്ത ശേഷം ന്യൂ റിക്വസ്റ്റ്, സെക്ടർ, സർവിസസ് എന്നിവ തെരഞ്ഞെടുത്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
വിസിറ്റ് വിസ ദീർഘിക്കൽ തടസ്സപ്പെടുന്ന നിലക്ക് പ്രശ്‌നം പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാൻ ഗുണഭോക്താക്കൾ വിസ വ്യവസ്ഥകൾ പാലിക്കണമെന്നും കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ഇതുപ്രകാരം നിരവധി ആളുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ ഫാമിലി സന്ദർശന വിസ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്. എന്നാൽ ചിലർക്ക് ഈ നടപടികൾ പൂർത്തിയാക്കിയിട്ടും വിസാകാലാവധി പുതുക്കി ലഭിക്കാത്ത അനുഭവങ്ങളുമുണ്ട്. അത്തരക്കാർ വീണ്ടും വിസാകാലാവധി തീരുന്നതിന് മുമ്പ് ശ്രമം തുടരുകയോ മൾട്ടിപ്പിൾ സന്ദർശന വിസക്കാർ രാജ്യത്തിന് പുറത്തുപോയി തിരിച്ചെത്തുകയോ ചെയ്യേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.