ജിദ്ദ: കലാലയം സാംസ്കാരിക വേദിയുടെ 12ാമത് പ്രവാസി സാഹിത്യോത്സവ് സൗദി വെസ്റ്റ് നാഷനൽ തല മത്സരത്തിൽ ജിദ്ദ സിറ്റി ജേതാക്കളായി. ഓൺലൈനിൽ സംഘടിപ്പിച്ച സാഹിത്യോത്സവിൽ സൗദി വെസ്റ്റിലെ 11 സെൻട്രൽ ഘടകങ്ങളിൽനിന്നും മത്സരാർഥികൾ പങ്കെടുത്തു. ഉദ്ഘാടന സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. '1921 മലബാർ സമര ഓർമകൾ' ശീർഷകത്തിൽ നടന്ന ചർച്ചാസംഗമത്തിൽ സി.എൻ. ജഅ്ഫർ (എസ്.എസ്.എഫ് കേരള) സന്ദേശ പ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി (ആർ.എസ്.സി ഗൾഫ്), ഷാനിയാസ് കുന്നിക്കോട് (ഒ.ഐ.സി.സി), മുസ്തഫ കല്ലിങ്ങൽ പറമ്പ് (ഐ.സി.എഫ്), ഹാരിസ് കല്ലായി (കെ.എം.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), സുധീർ ഹംസ, നാസർ നടുവിൽ എന്നിവർ സംസാരിച്ചു.
ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സൗദി വെസ്റ്റ് പരിധിയിലെ 11 സെൻട്രൽ ഘടകങ്ങളിലെ വിജയികളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്. ആറ് വേദികളിലായി നടന്ന സാഹിത്യോത്സവ് മത്സരങ്ങളിൽ ജിദ്ദ നോർത്ത് രണ്ടാംസ്ഥാനവും മദീനമുനവ്വറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഹമ്മദ് ഫായിസിനെ (ജിദ്ദ നോർത്ത്) കലാപ്രതിഭയായും അസ്ന ജാബിനെ (ജിദ്ദ സിറ്റി) സർഗപ്രതിഭയായും തിരഞ്ഞെടുത്തു.
കലാലയം സാംസ്കാരിക വേദി ഏർപ്പെടുത്തിയ കലാലയം പുരസ്കാര ജേതാക്കളെ ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം ഡോ. മുഹ്സിൻ അബ്ദുൽ ഖാദറും സാഹിത്യോത്സവ് വിജയികളെ ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം അബ്ദുറഷീദ് പന്തല്ലൂരും പ്രഖ്യാപിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് ചെയർമാൻ ആഷിഖ് സഖാഫി അധ്യക്ഷത വഹിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും അഷ്കർ ആൽപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.