അന്താരാഷ്‌ട്ര, സാംസ്‌കാരിക, മറൈൻ ഫെസ്റ്റിവലുകളുമായി ജിദ്ദ ഇവന്റ്സ് കലണ്ടർ പ്രഖ്യാപിച്ചു

ജിദ്ദ: കഴിഞ്ഞ വർഷം നടന്ന 'ജിദ്ദ സീസൺ' മെഗാ പരിപാടിയുടെ വൻ വിജയത്തെത്തുടർന്ന് ഈ വർഷവും തനതായതും വ്യതിരിക്തവുമായ രീതിയിൽ വിവിധ പരിപാടികൾ നടത്തുമെന്ന് ജിദ്ദ ഗവർണറേറ്റിലെ നാഷണൽ കലണ്ടർ കമ്മിറ്റി ചെയർമാൻ പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ അറിയിച്ചു. 'വർഷം മുഴുവനും പരസ്പരം ഒരുമിച്ച്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈ വർഷത്തെ ജിദ്ദ ഇവന്റ്സ് കലണ്ടർ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 അവസാനം വരെ ജിദ്ദയിൽ ഗംഭീരമായ പരിപാടികളുടെ ഒരു നിര തന്നെ അവതരിപ്പിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ആഭ്യന്തര, വിദേശ സന്ദർശകരുടെ അഭിരുചിക്കനുസരിച്ച് ഈ മേഖലയിലെ അതിമോഹമായ പരിപാടികളുമായി ജിദ്ദ ഇവന്റ്സ് കലണ്ടർ 2023 വർഷത്തിലുടനീളം തുടരുമെന്ന് പ്രിൻസ് അബ്ദുല്ല പറഞ്ഞു. കലണ്ടറിൽ നിരവധി അന്താരാഷ്‌ട്ര, സാംസ്‌കാരിക, മറൈൻ ഫെസ്റ്റിവലുകളും പരിപാടികളും ഉൾപ്പെടും. അവയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് പ്രിൻസ് അബ്ദുല്ല പറഞ്ഞു.

വിനോദവ്യവസായത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ഇവന്റുകൾ രാജ്യത്ത് ആദ്യമായി നടത്തുന്നതാണ്. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സംസ്കാരം, നാഗരികത, പൈതൃകം, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനമുള്ള ടൂറിസ്റ്റ് സൈറ്റുകൾ എന്നിവയെ പരിചയപ്പെടുത്തുന്നതിനും പരിപാടികൾ സഹായിക്കും.

വിവിധ പ്രായത്തിലുള്ള സന്ദർശകർക്ക് അനുയോജ്യമായ വൈവിധ്യവും നൂതനവുമായ ഇവന്റുകൾ സൃഷ്ടിക്കുന്നതിനും ജിദ്ദയുടെ തീരദേശ പ്രദേശങ്ങൾ അനാവരണം ചെയ്യാനും അതിന്റെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്നതിനും ജിദ്ദ ഇവന്റ്സ് കലണ്ടർ പ്രാദേശിക, ദേശീയ, അന്തർദേശീയ കമ്പനികളെ ആകർഷിച്ചിട്ടുണ്ടെന്ന് പ്രിൻസ് അബ്ദുല്ല പറഞ്ഞു. ജിദ്ദ കലണ്ടർ ഓഫ് ഇവന്റ്സിന്റെ പ്രവർത്തനങ്ങൾ വർഷം മുഴുവനും വ്യാപിപ്പിക്കുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'നമ്മുടെ മനോഹരമായ ദിനങ്ങൾ' എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ജിദ്ദ സീസൺ 2022 നടന്നത്. 60 ദിവസങ്ങളിലായി നടന്ന പരിപാടികളിൽ ആറ് ദശ ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. കുറഞ്ഞ ദിവസങ്ങളിൽ നടന്ന ഇവന്റുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയ ഒരു പരിപാടികൂടിയായിരുന്നു ജിദ്ദ സീസൺ 2022. പരിപാടി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. സൗദി യുവാക്കൾക്കും സ്ത്രീകൾക്കും സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, മാർക്കറ്റുകൾ, മറ്റ് ഓർഗനൈസേഷണൽ, ലോജിസ്റ്റിക്കൽ സേവനങ്ങൾ എന്നിവയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ജിദ്ദ സീസൺ 2022 ൽ ഉൾപ്പെട്ട ജീവനക്കാരിൽ 80 ശതമാനത്തിലധികം പേരും സ്വദേശികളായിരുന്നു.

Tags:    
News Summary - Jeddah Events Calendar Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.