ജിദ്ദ: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ 'ദുനിയാവിന്റെ നിസ്സാരത' വിഷയത്തിൽ പ്രഭാഷകൻ നൗഷാദ് ഉപ്പട സംസാരിച്ചു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നൈമിഷികമായ ഇഹലോക ജീവിതം അനശ്വരമായ പരലോകജീവിത വിജയത്തിനുവേണ്ടിയുള്ള പ്രവർത്തന മണ്ഡലമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതികവിദ്യയുടെ ഔന്നത്യത്തിൽനിന്നുകൊണ്ട് ആശയങ്ങളെയും ആഴക്കടലിലെ നിഗൂഢതകളെയും കീഴടക്കി എന്ന് അവകാശപ്പെടുന്ന മനുഷ്യൻ അവന്റെ സ്രഷ്ടാവിന് മുന്നിൽ എത്ര നിസ്സാരനാണെന്നു മനസ്സിലാക്കാൻ ജീവിത സാഹചര്യങ്ങളിൽ നിസ്സഹായരായി നിൽക്കുന്നവരിലേക്ക് കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതാണ്.
എന്നാൽ, അതെല്ലാം തന്റെ സ്രഷ്ടാവിന്റെ പരീക്ഷണങ്ങളായി കണ്ട് ക്ഷമ കൈകൊണ്ട് വിശ്വസിക്കലാണ് ശാശ്വതമായ ജീവിതവിജയമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അറുപതോ എഴുപതോ വർഷങ്ങൾ മാത്രം ലഭിക്കുന്ന മനുഷ്യായുസ്സിന്റെ അമ്പതോളം വർഷങ്ങൾ ഉറക്കമായും ബാല്യമായും പ്രാഥമികകാര്യങ്ങളുടെ സമയമായും നഷ്ടപ്പെടുമ്പോൾ ബാക്കിവരുന്ന തുച്ഛമായ തന്റെ സമയം എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ കൊണ്ട് മൂടിയ തന്റെ നാഥനിലേക്ക് ഒരു നാൾ മടങ്ങുമെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി ജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നവർക്കാണ് വിജയമുണ്ടാവുകയെന്ന് പ്രമാണങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പ്രതിപാദിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.