ജിദ്ദയിലെ ചേരി വികസന പദ്ധതിയുടെ പുരോഗതി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പരിശോധിക്കുന്നു
ജിദ്ദ: ജിദ്ദയിലെ ചേരി വികസന പദ്ധതിയുടെ ഏറ്റവും പുതിയ പ്രവർത്തനങ്ങൾ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ വിലയിരുത്തി. ഗവർണറേറ്റ് ആസ്ഥാനത്ത് ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കിയുമായുള്ള കൂടിക്കാഴ്ചയിലാണ് വിശദ ചർച്ച നടത്തിയത്.
അണ്ടർ സെക്രട്ടറി ഡോ. മുഷബിബ് അൽഖഹ്താനി കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദീകരിച്ചു. 64 ചേരികളെ സമയബന്ധിതമായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ജിദ്ദ ചേരി വികസന സമിതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പദ്ധതിയിൽ 32ഉം രണ്ടാംഘട്ടത്തിൽ 32ഉം ചേരിപ്രദേശങ്ങളാണ് വികസിപ്പിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് കെട്ടിടങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചത്. ചേരിപ്രദേശ ഉടമകളുടെയും താമസക്കാരുടെയും സഹകരണത്തോടെ 28 അയൽക്കൂട്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. അൽമുൻതസഹാത്, ഖുവൈസ, അൽഅദ്ൽ, അൽഫദ്ൽ, ഉമ്മുൽ സുലൈം, കിലോ 14 നോർത്ത് എന്നീ നാല് ചേരിപ്രദേശങ്ങൾ മാത്രമേ ഇനി പൊളിച്ചുനീക്കം ചെയ്യാൻ അവശേഷിക്കുന്നുള്ളൂ. ഇവിടങ്ങളിലെ പൊളിച്ചുനീക്കൽ ജോലികൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചേരികളിലെ താമസക്കാർക്ക് സർക്കാർ ഏജൻസികൾ നൽകുന്ന സൗജന്യ സർക്കാർ സേവനങ്ങളും ഗവർണർ അവലോകനം ചെയ്തു. 13,737 കുടുംബങ്ങൾക്ക് പാർപ്പിടവും വാടകയും നൽകൽ, 202 ഹൗസിങ് യൂനിറ്റുകളുടെ വിതരണം, ഭക്ഷ്യ കിറ്റുകൾ, കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള പാൽ, ലഗേജ് കൈമാറ്റം എന്നിവയായി 85,000 സേവനങ്ങൾ എന്നിവ സൗജന്യ സേവനങ്ങളിൽ ഏറ്റവും പ്രധാനമാണ്. ചേരിപ്രദേശങ്ങളിൽനിന്ന് സാമൂഹിക സുരക്ഷ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പുരുഷന്മാരും സ്ത്രീകളുമായി 213 പേർ ജോലിക്ക് പ്രവേശിച്ചിട്ടുണ്ട്. ജിദ്ദ മുനിസിപ്പാലിറ്റി, റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ഡിജിറ്റൽ പോർട്ടൽ വഴി ആരംഭിച്ചിട്ടുണ്ട്. ഇതോടെ നഷ്ടപരിഹാര അപേക്ഷ സമർപ്പിക്കാൻ കമ്മിറ്റിയുടെ ആസ്ഥാനം സന്ദർശിക്കേണ്ട ആവശ്യമില്ല. നീക്കം ചെയ്ത കെട്ടിടയുടമകൾക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ടം കൈമാറൽ കഴിഞ്ഞ മാസം റിയൽ എസ്റ്റേറ്റ് അതോറിറ്റി തുടങ്ങി. ആദ്യഘട്ടത്തിൽ നൂറുകോടി റിയാലാണ് നഷ്ടപരിഹാരം നൽകുന്നത്.
അവശേഷിക്കുന്നവർക്ക് ഘട്ടങ്ങളായി വിതരണം ചെയ്യും. നാല് സർക്കാർ ഏജൻസികളിൽനിന്നുള്ള ആറ് അംഗങ്ങൾ അടങ്ങുന്ന സ്വതന്ത്ര സമിതികളാണ് വില നിർണയ പ്രവർത്തനങ്ങൾ നടത്തുന്നത്. ആഭ്യന്തരം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി എന്നിവയാണ് വകുപ്പുകൾ. കൂടാതെ വില നിർണയിക്കാനായി സൗദി അതോറിറ്റി തിരഞ്ഞെടുത്ത രണ്ട് മൂല്യനിർണയക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.