ജിദ്ദ നഗരവികസനം: അൽ-അദ്‌ൽ, അൽ-ഫദ്ൽ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി

ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ അൽ-അദ്‌ൽ, അൽ-ഫദ്ൽ പ്രദേശങ്ങളിലെ വീടുകളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചതിനുശേഷം കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. ഈ മാസം കെട്ടിടങ്ങൾ പൊളിക്കാനായി നിശ്ചയിച്ച ഹയ്യ് അൽ-സലാം, കിലോ14 പ്രദേശങ്ങളിൽ ഇലക്ട്രിസിറ്റി അടക്കമുള്ള സേവനങ്ങൾ വിച്ഛേദിച്ചു തുടങ്ങിയിട്ടുമുണ്ട്. പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുന്നവർക്കാവശ്യമായ സഹായങ്ങൾ ജിദ്ദ ചേരി കമ്മിറ്റിയുടെ ആസ്ഥാനം വഴിയോ നഗരസഭയുടെ വെബ്‌സൈറ്റ് വഴിയോ നൽകിക്കൊണ്ടിരിക്കും. ഒഴിപ്പിക്കുന്ന കുടുംബങ്ങളുടെ സാധനസാമഗ്രികൾ മാറ്റുക, ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിക്കുക, സ്ഥിരമായ ഭവനസേവനങ്ങൾ, നഷ്ടപരിഹാരം അല്ലെങ്കിൽ സ്ഥിരമായ ഭവനം അനുവദിക്കുന്നതുവരെ താൽക്കാലിക ഭവനം, നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സേവനം തുടങ്ങിയവ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉടമസ്ഥാവകാശ രേഖയുടെയോ പ്രമാണത്തിന്റെയോ പകർപ്പ്, ഉടമയുടെ വിവരങ്ങൾ, ദേശീയ തിരിച്ചറിയൽ കാർഡ് എന്നിവയുടെ വ്യക്തമായ പകർപ്പ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ച് നഷ്ടപരിഹാര വിതരണ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കമ്മിറ്റി എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു.

പൗരന്മാർ തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ ഐ.ബി.എ.എൻ നമ്പർ, സൗദി ഇലക്‌ട്രിസിറ്റി കമ്പനി, നാഷനൽ വാട്ടർ കമ്പനി, സോഷ്യൽ ഡെവലപ്‌മെന്റ് ബാങ്ക്, അഗ്രികൾചറൽ ഡെവലപ്‌മെന്റ് ഫണ്ട്, റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയുടെ ഓരോ രേഖകളും പി.ഡി.എഫ് ഫോർമാറ്റിൽ സമർപ്പിക്കേണ്ടതുണ്ട്. ഏജന്റിനെയാണ് ഇത്തരം കാര്യങ്ങൾക്ക് ഏൽപിക്കുന്നതെങ്കിൽ അവർ നിയമപരമായ ഏജൻസി ആകണം. അങ്ങനെയെങ്കിൽ ഏജൻസിക്കാരന്റെ ദേശീയ ഐഡന്റിറ്റിയുടെ ഒരു പകർപ്പും സമർപ്പിക്കേണ്ടതുണ്ട്. വൈദ്യുതി, വാട്ടർ ബില്ലിന്റെ പകർപ്പ്, കെട്ടിടം ഉണ്ടെങ്കിൽ അതിന്റെ ഫോട്ടോ, സൈറ്റിന്റെ ഏരിയൽ ഫോട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോകൾ, ഒഴിപ്പിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം തുടങ്ങിയവക്ക് പുറമേയാണിത്. ജിദ്ദ നഗരസഭയുടെ പോർട്ടലായ www.jeddah.gov.sa വഴി ചേരികൾ നീക്കംചെയ്യുന്നതിനുള്ള നഷ്ടപരിഹാര അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സേവനം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Jeddah Urban Development: Buildings started to be demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.