ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സൗദി ഭരണാധികാരി സൽമാൻ രാജാവും തമ്മിൽ ഫോൺ സംഭാഷണം നടത്തി. അമേരിക്കയും സൗദിയും തമ്മിലുള്ള ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും അവരുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും മേഖലയിലും ലോകത്തും സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. ഭീകരതയ്‌ക്കെതിരെ നിലപാട് എടുക്കേണ്ടതിന്റെയും ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത സുരക്ഷാ സഹകരണം തുടരേണ്ടതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു.
സൗദിയെ പിന്തുണക്കുകയും രാജ്യത്തെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കുന്നതിൽ രാജ്യത്തോടൊപ്പം നിൽക്കുകയും ചെയ്യുന്നതിലുള്ള ബൈഡന്റെ പ്രതിബദ്ധതയെ സൽമാൻ രാജാവ് അഭിനന്ദിച്ചു. പ്രതിരോധം ഉറപ്പാക്കുകയും അതുവഴി രാജ്യത്തിന്റെയും മേഖലയുടെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ചർച്ച ചെയ്തു. ഇറാൻ ആണവായുധം നേടുന്നതിൽ നിന്ന് തടയാനുള്ള യു.എസ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണയും, മേഖലയിലെ ഇറാന്റെ ആയുധങ്ങളുടെ വിനാശകരമായ പ്രവർത്തനങ്ങളെ നേരിടാൻ സംയുക്ത നടപടിയുടെ ആവശ്യകതയും സൽമാൻ രാജാവ് സൂചിപ്പിച്ചു. മേഖലയിൽ വർധിച്ചുവരുന്ന അസ്വാരസ്യത്തിന്റെ എല്ലാ കാരണങ്ങളും നീക്കം ചെയ്യാനും സംഭാഷണം തുടരാനുമുള്ള താൽപ്പര്യവും രാജാവ് എടുത്തുപറഞ്ഞു.
യെമൻ ജനതയുടെ സുരക്ഷയും വികസനവും കൈവരിക്കുന്നതിനുള്ള മാർഗങ്ങളും അവർക്കുള്ള മാനുഷിക സഹായം നൽകാനും പുനർനിർമ്മാണത്തിനായുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളും യെമനിൽ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുള്ള രാജ്യത്തിന്റെ താൽപ്പര്യവും സൽമാൻ രാജാവ് പ്രകടിപ്പിച്ചു. ലോകത്ത് എണ്ണ വിപണികളുടെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഇതിൽ ചരിത്രപരമായ ഒപെക് പ്ലസ് കരാറിന്റെ പങ്കും അത് നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.