റിയാദ്: അമേരിക്കൻ പ്രസിഡന്റായശേഷമുള്ള ജോ ബൈഡന്റെ ആദ്യ സൗദി സന്ദർശനം വെള്ളിയാഴ്ച മുതൽ. വെള്ളിയാഴ്ച ഉച്ചക്കുശേഷം ജിദ്ദയിൽ അദ്ദേഹം വിമാനമിറങ്ങും. മധ്യപൗരസ്ത്യ മേഖലയിലേക്കുള്ള ബൈഡന്റെ ആദ്യ സന്ദർശനംകൂടിയാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഇസ്രായേൽ, വെസ്റ്റ് ബാങ്ക് പര്യടനം പൂർത്തിയാക്കിയാണ് അദ്ദേഹം സൗദിയിലേക്കു പുറപ്പെടുന്നത്.
ഇസ്രായേലിൽനിന്ന് നേരിട്ട് ജിദ്ദയിലേക്കു പുറപ്പെടുന്ന എയർഫോഴ്സ് വൺ വിമാനം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലിറങ്ങുമ്പോൾ ജോ ബൈഡന്റെ ആദ്യ സന്ദർശനമെന്ന നിലയിൽ പുതിയ ചരിത്രം കുറിക്കും. രണ്ടുനാൾ നീളുന്ന പര്യടനമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഹജ്ജുമായി ബന്ധപ്പെട്ട് സൗദി ഭരണനേതൃത്വം ജിദ്ദയിലാണുള്ളത്. സന്ദർശനത്തിന്റെ ഒന്നാം ദിനം ജോ ബൈഡൻ സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും. സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് സൗദി റോയൽ കോർട്ട് നേരത്തേ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷിബന്ധങ്ങളും വിശിഷ്‌ടവും തന്ത്രപരവുമായ പങ്കാളിത്തവും ശക്തിപ്പെടുത്താനും എല്ലാ മേഖലകളിലും അവ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പര്യടനമെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
രണ്ടു സൗഹൃദരാജ്യങ്ങളും മധ്യപൗരസ്ത്യ മേഖലയും ലോകവും നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള വഴികളും കൂടിക്കാഴ്ചകളിൽ ചർച്ചചെയ്യും. സന്ദർശനത്തിന്റെ രണ്ടാം ദിവസം ജിദ്ദയിൽ ചേരുന്ന ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിലും അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കും.
സൗദി, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ ജി.സി.സി രാജ്യങ്ങളുടെ നേതാക്കളും ജോർഡൻ രാജാവ്, ഈജിപ്ത് പ്രസിഡൻറ്, ഇറാഖ് പ്രധാനമന്ത്രി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ജോ ബൈഡൻ ഈ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. സൽമാൻ രാജാവിന്റെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ ക്ഷണത്തെയും ജോ ബൈഡൻ പ്രശംസിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജാൻ പിയർ പറഞ്ഞു. സൗദി അറേബ്യയിലേക്കുള്ള ഈ സുപ്രധാന സന്ദർശനത്തിനായി അദ്ദേഹം കാത്തിരിക്കുകയാണെന്നും അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ് സൗദി അറേബ്യയെന്നും ആ ബന്ധത്തിന് എട്ടു പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.