ജുബൈൽ: നാല് പതിറ്റാണ്ടുകൾ പ്രവാസലോകത്ത് ജീവിതം സമർപ്പിച്ച സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ നൂഹ് പാപ്പിനിശ്ശേരി ജുബൈലിനോട് വിട പറയുന്നു. പരിചയക്കാരുടെ പ്രിയപ്പെട്ട നൂഹിക്ക ജുബൈലിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽനിന്ന് പ്രവർത്തിച്ചയാളാണ്.
കണ്ണൂർ പാപ്പിനിശ്ശേരി ചക്കൻറകത്ത് പരേതരായ സൈയ്തുവിന്റെയും ആയിഷയുടെയും മകനാണ് നൂഹ്. 34 വർഷമായി ജുബൈലിൽ ഒപ്പമുള്ള ഭാര്യ ജമീല അദ്ദേഹത്തിന്റെ പൊതുജീവിതത്തിലും തണലായി കൂടെയുണ്ടായിരുന്നു.
തളിപ്പറമ്പ് സർ സയ്യിദ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ നുഹ് പാപ്പിനിശ്ശേരി കുറച്ചുകാലം നാട്ടിൽതന്നെ അധ്യാപകനായി ജോലി ചെയ്തതിന് ശേഷം 1984-ൽ സൗദി അറേബ്യയിലേക്ക് ജീവിതം പറിച്ചുനടുകയായിരുന്നു.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ, ഓഫീസ് ഓട്ടോമേഷൻ രംഗത്തെ പ്രമുഖ കമ്പനിയായ ഹോഷാങ്കോയിലാണ് പ്രഫഷനൽ ജീവിതം ആരംഭിച്ചത്. എട്ട് വർഷത്തിന് ശേഷം 1992ൽ കമ്പനിയുടെ നിർദേശപ്രകാരം ജുബൈലിലേക്ക് സ്ഥലം മാറിയെത്തി.
ഇവിടെ എത്തിയതോടെ കോളജ് കാലം മുതൽ നെഞ്ചേറ്റിയിരുന്ന പൊതുപ്രവർത്തന മേഖലയിലേക്ക് വീണ്ടുമെത്തി. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രായഭേദമന്യേ ജുബൈലിലെ ഓരോ പ്രവാസിയുടെയും പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് സജീവമായി. കുട്ടികൾക്കും പ്രഫഷനൽസിനും നല്ലൊരു മാർഗദർശി കൂടിയായിരുന്നു നൂഹ് പാപ്പിനിശ്ശേരി. ടോസ്റ്റ്മാസ്റ്റേഴ്സ് അസോസിയേഷന്റെ റീജനൽ ഡയറക്ടർ, കോൺഫറൻസ് പ്രസിഡൻറ്, ക്ലബ് പ്രസിഡൻറ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോൺഗ്രസ് സംഘടനാരംഗത്തും സജീവമായിരുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒ.ഐ.സി.സി) പ്രസിഡൻറും സെക്രട്ടറിയും ആയി പ്രവർത്തിച്ചിട്ടുണ്ട്. ജുബൈലിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ജുബൈൽ വെൽഫെയർ അസോസിയേഷൻ (ജുവ) രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.
എംബസി ഹെൽപ്പ് ഡെസ്കിലെ സന്നദ്ധ സേവകനായി പ്രവാസികളുടെ ക്ഷേമത്തിനായി പല കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടു. ജുബൈൽ ഇന്ത്യൻ സ്കൂൾ പേരൻസ് ഫോറം അംഗം, സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് കരിയർ ഗൈഡൻസ് (സിജി) അംഗം, അസോസിയേഷൻ ഓഫ് മലയാളി പ്രഫഷനൽസ് (ആംപ്സ്) അംഗം, ജുവ കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഒ.ഐ.സി.സി കുടുംബവേദി അധ്യക്ഷനായിരിക്കെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
കോളജ് ജീവിതകാലത്ത് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനും കോളജ് യൂനിയൻ കൗൺസിൽ അംഗവുമായിരുന്നു നൂഹ് പാപ്പിനിശ്ശേരി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവർ പഠിക്കുന്ന കാലം മുതലേ സുഹൃത്തുക്കളാണ്.
വ്യത്യസ്ത രാഷ്ട്രീയ ചേരിയിലാണെങ്കിലും ഇന്നും നിൽക്കുന്നു ആ സൗഹൃദം. എം.കെ. രാഘവൻ എം.പിയുമായി കെ.എസ്.യുവിൽ പ്രവർത്തിക്കുന്ന കാലം തൊട്ടേ അടുത്ത ബന്ധം സൂക്ഷിക്കുന്നു. എം.സി. കമറുദ്ദീൻ എം.എൽ.എ സർ സയ്യിദ് കോളജിൽ ഒരേ ബാച്ചിലെ സഹപാഠിയാണ്.
ജസ്ബീൻ നൂഹ് (ഏരിയ സെയിൽസ് മാനേജർ, ഹിൽറ്റി), നിഹാൽ നൂഹ് (ക്രീയേറ്റീവ് ഡയറക്ടർ, ഖത്തർ ടൂറിസം) എന്നിവർ മക്കളാണ്. ഖത്തറിൽ സ്ഥിര താമസക്കാരായ ഇരുവരും ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. കുറച്ചു ദിവസങ്ങൾ മക്കളുടെ കൂടെ ഖത്തറിൽ ചെലവിട്ട ശേഷം നാട്ടിലേക്ക് മടങ്ങണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.