ജിദ്ദ: കോൺഗ്രസിന്റെ കുലീനത നിറഞ്ഞ നേതൃപാടവത്തിന്റെ പ്രതീകമായിരുന്നു കെ. ശങ്കരനാരായണനെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ പറഞ്ഞു.
വ്യത്യസ്തമായ പ്രസംഗചാതുരി മലയാളിക്ക് നർമത്തിൽ ചാലിച്ച് നൽകുന്നതിൽ വിദഗ്ധനായിരുന്നു അദ്ദേഹം. ആരെയും എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുന്ന പ്രകൃതക്കാരനായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹവുമായി ചെലവഴിച്ച നിമിഷങ്ങൾ അനിർവചനീയമായിരുന്നുവെന്നു മുനീർ അനുസ്മരിച്ചു.
നാഗാലാൻഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽ പ്രദേശ്, ഗോവ എന്നീ ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി എന്ന ബഹുമതി ഇദ്ദേഹത്തിന്റെ പേരിലാണ്. രണ്ടു പ്രാവശ്യമായി ആറു വർഷത്തോളം മന്ത്രിയായും 18 വർഷം യു.ഡി.എഫ് കൺവീനറായും ഏഴു വർഷക്കാലം ഗവർണറായും സേവനരംഗത്ത് ഉണ്ടായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. പദവികളും അധികാരങ്ങളും ധനാഗമ മാർഗങ്ങൾക്കുള്ളവയാണെന്ന് കരുതുന്ന കാലത്ത് തന്റെ നിരവധി കുടുംബസ്വത്തുക്കൾ വിറ്റുകിട്ടുന്ന പണം കൊണ്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സത്യസന്ധതയുടെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്ന കെ. ശങ്കരനാരായണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണെന്നും കെ.ടി.എ. മുനീർ അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.