ദമ്മാം: കണ്ണൂര്‍ എയർപോർട്ട് സംരക്ഷണത്തിനായി പ്രവാസി വെല്‍ഫെയർ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ‘കണ്ണൂര്‍ എയർപോർട്ടിന്റെ ചിറകരിയരുത്’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫയര്‍ കണ്ണൂര്‍-കാസർകോട് ജില്ല കമ്മിറ്റി ടീ ടോക്ക് സംഘടിപ്പിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ രാഷ്ട്രീയ, പ്രാദേശിക സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടി പ്രവിശ്യയിലെ ഉത്തര മലബാറിന്റെ യോജിച്ച ശബ്ദമായി. യാത്രാപ്രശ്നവും കണ്ണൂര്‍ എയർപോർട്ട് നേരിടുന്ന അവഗണനയും കക്ഷി രാഷ്ട്രീയഭേദമെന്യേ പ്രവാസലോകത്തിന്റെ ആകുലതയാണെന്ന് അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടി.
സാങ്കേതികത്വത്തിന്റെ പേരില്‍ വലിയ സാധ്യതകളുള്ള സംരംഭത്തെ തകര്‍ക്കുന്നത് പ്രദേശത്തിന്റെ വികസനത്തെതന്നെ തകര്‍ക്കുന്നതാണെന്ന് അഭിപ്രായമുയര്‍ന്നു. കണ്ണൂരിലേക്കുള്ള രൂക്ഷമായ യാത്രാപ്രശ്നവും ഉയര്‍ന്ന ടിക്കറ്റ് നിരക്കും സർവിസുകളുടെ പ്രഫഷനലിസമില്ലായ്മയും യാത്രക്കാരുടെ അനുഭവങ്ങളാണ്.
പ്രവാസലോകം ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തുകയും നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ ഉൾപ്പെടുത്തി സമരപരിപാടികൾ ആസൂത്രണം ചെയ്യണമെന്നും ടീ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായം രേഖപ്പെടുത്തി. എയർപോർട്ട് സംരക്ഷണത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ മുഴുവന്‍ സംഘടനകളും പിന്തുണ അറിയിച്ചു.
പ്രവാസി വെല്‍ഫെയര്‍ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡൻറ് മുഹ്സിന് ആറ്റശ്ശേരി ടീ ടോക്ക് ഉദ്ഘാടനം ചെയ്തു. ഒ.പി. ഹബീബ് (കെ.എം.സി.സി), മുസ്തഫ മയ്യില്‍, ജിബിന്‍ തോമസ് (ഒ.ഐ.സി.സി), ഹനിഫ് അറബി (ഐ.എം.സി.സി), തനൂഫ് ഇംതിയാസ് (ടി.എം.ഡബ്ല്യു.എ), അഷ്റഫ്, ഖലീല്‍ പടിഞ്ഞാര്‍ (കെ.ഡി.എസ്.എഫ്), ബാബു (പയ്യന്നൂര്‍ സൗഹൃദവേദി), അബ്ദു (തൃക്കരിപ്പൂര്‍ കൂട്ടായ്മ), ജാബിര്‍ (ഇരിക്കൂര്‍ എന്‍.ആര്.ഐ ഫോറം), അബ്ദുറഹീം, ബിജു പൂതക്കുളം, സൈറ ത്വയിബ്, ആബിദ അഫ്സല് (പ്രവാസി വെല്‍ഫെയര്‍), മുഹമ്മദ്, സാജിദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയർ പ്രവിശ്യാ വൈസ് പ്രസിഡൻറ് സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ഖലീലുറഹ്മാന് അന്നട്ക്ക സ്വാഗതവും ഷക്കീര്‍ ബിലാവിനകത്ത് നന്ദിയും പറഞ്ഞു. ശജീര്‍ തൂണേരി, ജമാല്‍ പയ്യന്നൂര്‍, തന്‍സീം കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.