റിയാദ്: കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി കാലം ഏറെ കഴിഞ്ഞിട്ടും യാത്ര പ്രതിസന്ധിക്ക് പരിഹാരമായില്ലെന്നും അവഗണനയും അഴിമതിയും വളർച്ചക്ക് വിലങ്ങുതടിയായെന്നും കണ്ണൂർ ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു. റിയാദിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ പ്രവാസികളുടെ സഹകരണത്തോടെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല കമ്മറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മറ്റിയുടെ സഹകരണത്തോടെയാണ് സമര പരിപാടികൾ ആലോചിക്കുന്നത്. ജില്ല മുസ്‌ലിം ലീഗ് കണ്ണൂരിൽ നടത്തിയ കെ.എം.സി.സി ലീഡേർസ് കോൺക്ലേവ് സമര പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.
വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ നാളിതുവരെയായി കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. നേരത്തെ സർവീസ് നടത്തിയിരുന്ന 'ഗോ ഫസ്റ്റ്' പോലെയുള്ള വിമാന കമ്പനികളും സർവീസ് അവസാനിപ്പിച്ചിച്ചതോടെ വിമാനത്താവളം വീണ്ടും ദുർബലമായി. കണ്ണൂർ സെക്ടറിൽ നിന്നുള്ള വിമാനങ്ങൾക്ക് അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് യാത്രക്കാരെ കൊള്ള ചെയ്യുന്നതും പതിവാക്കിയതോടെ വിമാനത്താവളത്തിന് തൊട്ടടുത്തള്ളവർ പോലും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്.
3,050 മീറ്റർ നീളമുള്ള റൺവേ 4,000 മീറ്ററായി വികസിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം ഇത് വരെ നടപ്പാക്കിയിട്ടില്ല. യു.ഡി.എഫ് സർക്കാർ അക്വയർ ചെയ്ത് നൽകിയ ഭൂമിക്ക് ശേഷം ഒരു തുണ്ട് ഭൂമി പോലും സർക്കാർ ഏറ്റെടുത്തിട്ടില്ല. കേരളത്തിന് അഭിമാനമായി രാജ്യത്തിന്റെ മുൻ നിരയിലെത്തേണ്ട കണ്ണൂർ വിമാനത്താവളം സർക്കാർ അവഗണന കൊണ്ട് മാത്രം പിറകോട്ട് പോകുകയാണ്. കണ്ണൂർ വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായിമായി തെരഞ്ഞെടുത്ത കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ ഹജ്ജ് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിലടക്കം കടുത്ത രാഷ്ട്രീയ വിവേചനമാണ് കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മറ്റികൾ കാണിക്കുന്നത്. വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്ന അഭിമുഖങ്ങളിൽ അവരുടെ രാഷ്ട്രീയം ചോദിച്ചാണ് പരിഗണന നൽകുന്നതെന്നും ഈ നിയമ ലംഘനം പ്രതിഷേധാർഹമാണെന്നും ജില്ല ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇ. അഹമ്മദിന്റെ സ്മരണാർത്ഥം ജൻമ സ്ഥലമായ കണ്ണൂരിൽ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കും. ഇതിനായി 'ഇ. അഹമ്മദ് ഫൗണ്ടേഷൻ' എന്ന പേരിൽ എൻ.ജി.ഒ. രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രവാസികളുടെ പുനരധിവാസമടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയുള്ള പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും, പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയവരെ ഉപയോഗപ്പെടുത്തി ക്രിയാത്മകമായ പദ്ധതികൾക്ക് തുടക്കമിടുമെന്നും കെ.എം.സി.സി നാഷണൽ കമ്മറ്റി സെക്രട്ടേറിയറ്റ് അംഗം വി.കെ. മുഹമ്മദ് പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ അഡ്വ. എസ്. മുഹമ്മദ്, അബ്ദുൽ മജീദ് പയ്യന്നൂർ, പി.ടി.പി മുക്താർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.