ജിദ്ദ: കാസർകോട് പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ജിദ്ദ ബലദിലെ ചരിത്ര പ്രദേശങ്ങളിൽ 'ഹെറിറ്റേജ് വാക്ക്' സംഘടിപ്പിച്ചു. ജിദ്ദയുടെ സമ്പന്നമായ ചരിത്രത്തെയും പൈതൃകത്തെയും അറിയുകയെന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജിദ്ദ എന്ന പേര് നഗരത്തിന് വരാൻ കാരണമായ 'ഹവ്വ മഖ്ബറ' ക്കരികിൽ നിന്നാരംഭിച്ച യാത്രയിൽ പൈതൃക നഗര കവാടത്തിലെ ബൈതൽ ഷർബത്തലി, ബൈതൽ നൂർവാലി, ബൈതൽ മത്ബൂലി, ബൈതൽ റഷൈദ, നസീഫ് ഹൗസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ജിദ്ദയിലെ ആദ്യത്തെയും രണ്ടാമത്തയും പള്ളികളായ ശാഫി മസ്ജിദ്, മിമാർ മസ്ജിദ് എന്നിവയും സംഘം സന്ദർശിച്ചു.
നൂറ്റാണ്ടുകളോളം ജിദ്ദ നഗരത്തിന് വെള്ളം നൽകിയിരുന്ന 'ഐൻ ഫറാജും' സന്ദർശിച്ച് ഹിസ്റ്റോറിക്കൽ ഹജ്ജ് റൂട്ടിൽ യാത്ര അവസാനിപ്പിച്ചു. പരമ്പരാഗത ഭക്ഷണ പാനീയങ്ങളുടെ കേന്ദ്രങ്ങൾ, സുഗന്ധ വ്യഞ്ജന മാർക്കറ്റുകൾ, മ്യൂസിയങ്ങൾ തുടങ്ങിയവയും യാത്രയുടെ ഭാഗമായി സന്ദർശിച്ചു. കെ.എം. ഇർഷാദ് സ്ഥലങ്ങളെക്കുറിച്ചുള്ള വിശദീകരണം നൽകി. സി.എച്ച് ബഷീർ, ഇബ്രാഹിം ശംനാട്, യാസീൻ ചിത്താരി, ബഷീർ ബായാർ, ഖുബ്റ ലത്തീഫ്, ഗഫൂർ ബെദിര, സലാം ബെണ്ടിച്ചാൽ, റഫീഖ്, നാഫിഹ് ചെമ്മനാട്, ലത്തീഫ് മൊഗ്രാൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രശസ്ത യാത്രികനും, മോട്ടോർ സൈക്കിൾ റൈഡറുമായ ഹാറൂൺ റഫീഖിന്റെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.