ദമ്മാം: അൽ സുഹൈമി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി കപ്പ് വോളിബാൾ ടൂർണമെന്റിൽ സംഘാടകരായ കാസ്ക് വോളിബാൾ ടീം ജേതാക്കളായി. ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ദേശീയ, അന്തർദേശീയ കളിക്കാരും ടൂർണമെന്റിൽ പങ്കെടുത്തു.
ആദ്യ സെമി ഫൈനലിൽ കാസ്ക് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് അറബ്കോ റിയാദിനെയും രണ്ടാം സെമിയിൽ എ.എം.സി.സി സ്പൈക്കേഴ്സ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തമീമി വാരിയേഴ്സിനെയും തോൽപ്പിച്ച് ഫൈനൽ ബെർത്ത് നേടി.
ആദ്യവസാനം ആവേശം നിറഞ്ഞ ഫൈനലിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ആതിഥേരായ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, എ.എം.സി.സി സ്പൈക്കേഴ്സിനെ പരാജയപ്പെടുത്തി സിൽവർ ജൂബിലി കപ്പിൽ മുത്തമിട്ടു.
ടൂർണമെന്റിന്റെ താരമായി കാസ്കിന്റെ ജസ്കരൻ സിങ്ങിനെയും മികച്ച സെറ്ററായി എ.എം.സി.സിയുടെ മുബാഷിറിനെയും മികച്ച റിസീവറായി കാസ്ക്കിന്റെ അൻസാറിനെയും മികച്ച സ്പൈക്കറായി എ.എം.സി.സിയുടെ എറിൻ വർഗീസിനെയും തിരഞ്ഞെടുത്തു.
ഫൈനലിലെ താരം കാസ്ക്കിന്റെ ഹേമന്തായിരുന്നു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ക്ലബിന്റെ വൈസ് പ്രസിഡൻറായ അനിൽകുമാറും നോർത്ത് സ്പെസിഫിക് ഉടമ അബ്ദുൽ റസാക്കും കാഷ് പ്രൈസായ 5,555 റിയാൽ ക്ലബ്ബിന്റെ ജോ. സെക്രട്ടറി ശ്യാംകുമാറും ചേർന്ന് സ്പൈക്കേഴ്സ് ക്യാപ്റ്റൻ കൈസറിന് സമ്മാനിച്ചു.
ടീം കാസ്കിനുള്ള ചാമ്പ്യൻസ് ട്രോഫി പ്രസിഡൻറ് പ്രദീപ്കുമാറും സെക്രട്ടറി സുരേഷും പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ നാസ് വക്കവും കാഷ് പ്രൈസായ 11,111 റിയാൽ ക്ലബ് ട്രഷറർ കെ.വി. സുരേഷും ചേർന്ന് കാസ്ക് ക്യാപ്റ്റൻ ഹാരിസിന് സമ്മാനിച്ചു.
കൂടാതെ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുമുള്ള ഫലകങ്ങളും ചടങ്ങിൽ കൈമാറി. സാസ പ്രസിഡൻറ് സിയാദ് താഹ കാസ്ക് മീഡിയ കൺവീനർ യാസർ അറഫാത്ത്, ഷാജി ഹസൻകുഞ്ഞ്, യൂനുസ്,യാസർ എന്നിവർ മറ്റ് ക്രമീകരണങ്ങൾ നിർവഹിച്ചു. നാസ് വക്കം, രക്ഷാധികാരി ബിനു പി.ബേബി എന്നിവർ പങ്കെടുത്തു. പ്രസിഡൻറ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സുരേഷ് സ്വാഗതവും കമ്മിറ്റി കൺവീനർ ബഷീർ സിനാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.