കേരള എൻജിനിയേഴ്‌സ് ഫോറം സിൽവർ ജൂബിലി ആഘോഷം; മുഖ്യാതിഥിയായി ശശി തരൂർ എം.പി ഫെബ്രുവരി 16ന് ജിദ്ദയിൽ

ജിദ്ദ: കേരള എൻജിനിയേഴ്‌സ് ഫോറം (കെ.ഇ.എഫ്) സിൽവർ ജൂബിലി ആഘോഷം ജിദ്ദയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. പരിപാടിയിൽ ശശി തരൂർ എം.പി മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 16ന് വെള്ളിയാഴ്ച നാല് മണി മുതൽ ജിദ്ദ ക്രൗൺ പ്ലാസ ഹോട്ടലിലെ ക്രിസ്റ്റൽ കൺവെൻഷൻ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികളും കേരള എൻജിനിയേഴ്‌സ് ഫോറം പ്രതിനിധികളും കുടുംബങ്ങളും പങ്കെടുക്കും.

പരിപാടി ഉദ്ഘാടനം ചെയ്യുന്ന ശശി തരൂർ എം.പി സദസ്സുമായി സംവദിക്കും. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഷക്കീല ഷാഹിദ് ആലം, കോൺസുൽ അബ്ദുൽ ജലീൽ, സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് (എസ്.സി.ഇ) വെസ്റ്റേൻ റീജിയൻ ബ്രാഞ്ച് മാനേജർ റാമി ഒമർ ബാൽബൈദ്, എസ്.സി.ഇ പ്രതിനിധി മുഹമ്മദ് റിയാദ് അത്താർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

കെ.ഇ.എഫ് അംഗങ്ങളെ നാല് ടീമുകളായി തിരിച്ചു കൊണ്ടുള്ള, ഒരു വർഷത്തിലേറെയായി നടന്നു വരുന്ന എൻജിനീയേഴ്സ് സൂപ്പർ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങളും വിജയികളുടെ പ്രഖ്യാപനവും ആഘോഷ പരിപാടിയിൽ നടക്കും. 25 വർഷത്തെ കെ.ഇ.എഫിന്റെ നാൾവഴികളും, അംഗങ്ങളുടെ സർഗ്ഗവാസനകളും, ന്യൂതന സാങ്കേതിക വിജ്ഞാന പംക്തികളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്യും. വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച കെ.ഇ.എഫ് അംഗങ്ങൾക്കുള്ള അംഗീകാരം ചടങ്ങിൽ വിതരണം ചെയ്യും. കെ.ഇ.എഫ് അംഗങ്ങളുടെ വിവിധ ആഘോഷ പരിപാടികളും, ഗ്രൂവ് ടൗൺ ഓർക്കസ്ട്രയുടെ സംഗീത നിശയും അരങ്ങേറും. കെ.ഇ.എഫ് ജിദ്ദ ചാപ്റ്റർ പുതിയ കമ്മിറ്റി ഭാരവാഹി പ്രഖ്യാപനവും ചുമതല ഏൽക്കലും പ്രസ്തുത ചടങ്ങിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കേരള എൻജിനിയേഴ്‌സ് ഫോറം (കെ.ഇ.എഫ്) ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

സൗദിയിലെ പടിഞ്ഞാറൻ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളായ എൻജിനീയർമാരുടെ കൂട്ടായ്മയായ കെ.ഇ.എഫ് ജിദ്ദ ചാപ്റ്റർ 1998 ലാണ് രൂപീകരിച്ചത്. ഇന്റർനെറ്റും, മൊബൈൽ ഫോണും, സോഷ്യൽ മീഡിയകളുമൊന്നുമില്ലാതെ ആശയ വിനിമയത്തിനും, സാങ്കേതിക വിവരങ്ങൾ അന്വേഷിക്കുന്നതിനും പങ്കുവെക്കുന്നതിനും മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് കേരളത്തിൽ നിന്നുള്ള എൻജിനീയർമാരെ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് കെ.ഇ.എഫ് രൂപം കൊണ്ടത്. യു.കെ മേനോൻ ആയിരുന്നു സംഘടനയുടെ ആദ്യ പ്രസിഡൻറ്. ഇഖ്ബാൽ പൊക്കുന്നു ജനറൽ സെക്രട്ടറിയും സജീവ് മണിയറ ട്രഷററുമായിരുന്നു. രണ്ടര പതിറ്റാണ്ടു കാലത്തെ ഇടതടവില്ലാത്ത പ്രയാണവും മാറിവന്ന ഭരണ സമിതികളുടെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്കും ജിദ്ദ സമൂഹത്തിനും വിവിധ മാർഗ്ഗ നിർദ്ദേശങ്ങളും സേവനങ്ങളും നൽകാൻ കെ.ഇ.എഫ് ജിദ്ദ ചാപ്റ്ററിന് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. നിലവിൽ 475 അംഗങ്ങൾ ജിദ്ദ ചാപ്റ്ററിന് കീഴിൽ ഉണ്ടെന്നും റിയാദിലും ദമ്മാമിലും സംഘടനയുടെ യൂനിറ്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് സാബിർ മുഹമ്മദ്, ജനറൽ സെക്രട്ടറി സിയാദ് കൊട്ടായി, ട്രഷറർ അൻസാർ അഹമ്മദ്, പ്രോഗ്രാം കൺവീനർ റോഷൻ മുസ്തഫ, കൺവീനർ വീനസ് ലാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - kef silver jubilee celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.