റിയാദ്: ഇരു വൃക്കകളും തകരാറിലായ ഉത്തർപ്രദേശ് സ്വദേശി രാജേന്ദ്രന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. 15 വർഷമായി അൽഖർജ് സൂഖിലെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന രാജേന്ദ്രന്റെ ഇഖാമ നാലു വർഷത്തോളമായി പുതുക്കിയിട്ടില്ല. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം സ്പോൺസർ തൊഴിലാളികളെ ഉൾപ്പടെ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ വീണ്ടും മറ്റൊരാൾക്ക് സ്ഥാപനം കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ തൊഴിൽ നഷ്ടപ്പെട്ട രാജേന്ദ്രൻ മറ്റു തൊഴിൽ തേടിയെങ്കിലും ആറു മാസത്തോളം ജോലി ലഭിച്ചില്ല.
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെ താമസവും പ്രതിസന്ധിയിലായി. സുഹൃത്തുക്കളോടൊപ്പം താൽക്കാലികമായി താമസം ശരിപ്പെടുത്തി. നിത്യചെലവിനായി വാഹനങ്ങൾ കഴുകിയും കിട്ടുന്ന ജോലികൾ ചെയ്തും വരുമാനം കണ്ടെത്തി.
അതിനിടയിൽ ജോലി ചെയ്യാൻ സാധിക്കാത്ത വിധം ഇടക്കിടെ അസുഖം വരുകയും മെഡിക്കൽ ഷോപ്പുകളിൽനിന്ന് തൽക്കാലികാശ്വാസത്തിന് വേദനസംഹാരികൾ വാങ്ങി കഴിക്കുകയും ചെയ്തു. ഇഖാമ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോകാനോ ചികിത്സ തേടാനോ നാട്ടിൽ പോകാനോ സാധിച്ചില്ല.
ഇത്തരത്തിൽ മൂന്നു വർഷത്തോളം കിടന്നുപോയി. ഒരിക്കൽ അസുഖം മൂർച്ഛിച്ച് ബോധരഹിതനായി മുറിയിൽ കിടന്ന രാജേന്ദ്രനെ കണ്ട് ഭയന്നുപോയ കൂട്ടുകാർ സഹായത്തിനായി കേളി പ്രവർത്തകരെ അറിയിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം അൽഖർജ് ഏരിയ കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും യു.പി സ്വദേശിയായ സുഹൃത്ത് മുഹമ്മദും ചേർന്ന് ഉടൻ അൽഖർജ് ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, മീന ഭഗവാൻ, നസീം, ഷറഫു എന്നിവർ വിഷയത്തിൽ ഇടപെട്ടു. ആശുപത്രിയിലെ പരിശോധനയിൽ രാജേന്ദ്രന്റെ രണ്ടു വൃക്കകളും തകരാറിലാണെന്നും എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അറിയിച്ചു. നാട്ടിലെത്തിക്കാൻ സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ നാലു വർഷത്തെ ഇഖാമ അടിക്കാൻ വൻ തുക ആവശ്യപ്പെട്ടു. തുടർന്ന് ഇന്ത്യൻ എംബസി സെക്രട്ടറി മോയിൻ അക്തറിന്റെ നേതൃത്വത്തിൽ അൽഖർജിലെ ലേബർ കോർട്ട് വഴി പെട്ടെന്ന് എക്സിറ്റ് അടിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തി.
ലേബർ കോർട്ടിലെ ഉദ്യോഗസ്ഥരുടെ നല്ല രീതിയിലുള്ള സഹകരണം കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു. രാജേന്ദ്രന് കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽനിന്ന് ടിക്കറ്റ് കണ്ടെത്തി നൽകി. അഞ്ചുവർഷത്തെ ദുരിതത്തിനൊടുവിൽ എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ദിവസം രാജേന്ദ്രൻ സ്വദേശത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.